ചെറായി: കോവിഡ് നിയന്ത്രണ പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഇക്കുറി രാത്രി ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രമുൾപ്പെടെയുള്ള വൈപ്പിൻ കരയിലെ ബീച്ചുകളിൽ പുതവർഷപ്പിറവി ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പോലീസും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി.
31ന് ചെറായി, കുഴുപ്പിള്ളി, കോണ്‍വെന്റ് , മുനന്പം, മാലിപ്പുറം വളപ്പ്, ഞാറക്കൽ ആറാട്ട് വഴി, വെളിയത്ത് പറന്പ് ബീച്ചുകളിലെല്ലാം പോലീസിന്റെ കർശന നിയന്ത്രണമുണ്ടാകും.
ഒരു ബീച്ചിലും രാത്രി ആഘോഷങ്ങൾ അനുവദിക്കില്ല. അതേസമയം റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പ്രോട്ടോക്കോളിനു വിധേയമായി ആഘോഷങ്ങൾ ആകാം.
നിയന്ത്രണങ്ങളുടെ ഭാഗമായി 31നു വൈകുന്നേരം ആറുമണിയോടെ സംസ്ഥാന പാതയിൽ നിന്നും ബീച്ചുകളിലേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പോലീസ് പിക്കറ്റ് ഏർപ്പെടുത്തും.
ആറിനുശേഷം ബീച്ചുകളിലേക്ക് ടൂറിസ്റ്റുകളെയോ, വാഹനങ്ങളെയോ കടത്തി വിടില്ല. അതേസമയം റിസോർട്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള ടൂറിസ്റ്റുകൾ ബന്ധപ്പെട്ട രേഖകൾ കാണിച്ചാൽ കടത്തിവിടും.
പോലീസ് പിക്കറ്റ് പ്രാദേശിക വാസികളുടെ സഞ്ചാരത്തെ ബാധിക്കില്ല. പതിവ് പോലെ സൂര്യാസ്തമയത്തിനുശേഷം ബീച്ചിൽ നിന്നും പോലീസ് എല്ലാ സന്ദർശകരെയും തിരിച്ചയക്കും.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഞാറക്കൽ സിഐ പി.എസ്. ധർമ്മജിത്ത്, മുനന്പം എസ്.ഐ എ.കെ. സുധീർ എന്നിവർ അറിയിച്ചു.