കൊച്ചി: രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള് നിയമപരമായി നിലനില്ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല് മാങ്കൂട്ടത്തില് നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
സെഷന്സ് കോടതി മുന്കൂര് ജാമ്യം തള്ളിയതിനെത്തുടര്ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള് ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്ബന്ധിത ഗര്ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള് വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള് കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്ജിയില് പറയുന്നത്.
വളരെ വൈകിയാണു പരാതിക്കാരി പരാതി നല്കിയത്. മുഖ്യമന്ത്രിക്കാണു പരാതി നല്കിയത്. അത് ബിഎന്എസ്എസ് നിര്ദേശിക്കുന്ന നടപടിക്രമത്തിനു വിരുദ്ധമാണ്. പ്രിയങ്ക ശ്രീവാസ്തവ കേസിലും ലളിതകുമാരി കേസിലും സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പാലിക്കാതെയാണ് അതിജീവിത പരാതി നല്കിയതെന്നാണു ഹർജിയിൽ പറയുന്നത്. എഫ്ഐആറിന്റെയോ എഫ്ഐഎസിന്റെയോ പകര്പ്പ് തനിക്കു നല്കാന് അന്വേഷണ ഉദ്യോഗസ്ഥര് തയാറായിട്ടില്ല.
വൈകിയെത്തുന്ന പരാതിയില് അന്വേഷണ ഉദ്യോഗസ്ഥന് പ്രാഥമിക അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. തന്റെ കേസില് അതിനും പോലീസ് തയാറായിട്ടില്ല. അറസ്റ്റ് ഭയമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്ക്കു മുമ്പാകെ ഹാജരാകാന് അവസരം ലഭിച്ചാല് കാര്യങ്ങള് വ്യക്തമാക്കാന് തയാറാണ്.
പ്രതിയെ ഇരുമ്പഴികള്ക്കുള്ളിലാക്കി തെളിവുകള് ശേഖരിക്കുന്നതല്ല, കാര്യങ്ങള് വിശദീകരിക്കാന് പ്രതിക്ക് അവസരം നല്കുന്നതാണ് പ്രായോഗികമായ കാര്യം. പിന്നീട് പ്രതി സഹകരിക്കുന്നില്ലെങ്കില് ജാമ്യം റദ്ദാക്കാനും കീഴ്ക്കോടതി മുമ്പാകെ കീഴടങ്ങാന് നിര്ദേശിക്കാനും ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഇരുവര്ക്കും ഇടയിലുണ്ടായിരുന്നത്. ബന്ധം തകര്ന്നപ്പോഴാണു ബലാത്സംഗ പരാതിയുമായി വന്നിരിക്കുന്നത്. ബന്ധം തകരുമ്പോള് ഉഭയസമ്മതപ്രകാരം നടന്ന ലൈംഗികബന്ധം ബലാത്സംഗമായി ചിത്രീകരിക്കുന്നതു ശരിയായ രീതിയല്ലെന്ന് മഹേഷ് ദാമു കരേ കേസില് സുപ്രീംകോടതി വ്യക്തമാക്കിയ കാര്യവും ഹർജിയില് ചൂണ്ടിക്കാട്ടുന്നു.
ടെലിവിഷന് മാധ്യമ പ്രവര്ത്തകയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും സ്വകാര്യ സംഭാഷണത്തിന്റെ ചില വോയ്സ് ക്ലിപ്പുകള് സമൂഹമാധ്യമങ്ങളില് വന്നതോടെയാണ് അകന്നതെന്നും ഹര്ജിയില് പറയുന്നു. സ്വകാര്യതയെ ബാധിക്കുന്ന വോയ്സ് ക്ലിപ്പുകള് പുറത്തുവിട്ടതു താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇതു പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്നിന്ന് പരാതിക്കാരി കുറേ നാളത്തേക്ക് അവധിയെടുത്തിരുന്നു. തിരികെ പ്രവേശിക്കാനെത്തിയപ്പോള് താനുമായി അടുപ്പത്തിലാണെന്ന് എഴുതി നല്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരിതന്നെ പറഞ്ഞിട്ടുണ്ട്.
പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയാമായിരുന്നു. അതിനാല് വോയ്സ് ക്ലിപ്പുകള് ചോര്ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള് ഉന്നയിക്കേണ്ടതില്ലെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല് താന് രാഷ്ട്രീയ പ്രവര്ത്തകനായതിനാല് മാധ്യമങ്ങള് വ്യാപക പ്രചാരണം നല്കി. എതിര്പക്ഷത്തുള്ളവര് നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നതെന്നും രാഹുലിന്റെ ഹര്ജിയില് ചൂട്ടിക്കാട്ടിയിരുന്നു.

