കോതമംഗലം: പൂയംകുട്ടി ബ്ലാവന കടവിലെ കടത്ത് സര്വീസ്നിലച്ചു. ഇതോടെ ആശുപത്രിയിലേക്കോ പല ചരക്കും റേഷനും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളോ വാങ്ങാന്‍ കഴിയാതെ ആദിവാസികളക്കെമുള്ള നാട്ടുകാര്‍ ദുരിതത്തില്‍. കുട്ടമ്പുഴ പഞ്ചായത്തിലെ രണ്ടാമത്തെ കടത്ത് സര്‍വീസാണ് ഇതോടെ നിലച്ചത്. കാടിനുള്ളില്‍ ആദിവാസി കുടിയില്‍ ഉള്‍പ്പെടെ താമസിക്കുന്ന നൂറുകണക്കിനു ജനങ്ങള്‍ ഒറ്റപ്പെട്ടു. കുട്ടികളെ സ്കൂളില്‍ അയക്കാനോ ആശുപത്രി ഉള്‍പ്പെടെയുള്ള ആവശ്യത്തിന് പോകാനോ പറ്റാത്ത അവസ്ഥയിലാണ്. കുട്ടമ്പുഴ ബംഗ്ലാവ് കടവില്‍ നിന്ന് വടാട്ടുപാറയിലേക്കുള്ള കടത്ത് സര്‍വീസ് നിര്‍ത്തിയിട്ട് ഒരു മാസത്തോളമായി. ഇതിന് പിന്നാലെയാണ് പൂയംകുട്ടി ബ്ലാവന കടവിലെ കടത്തു സര്‍വീസും നിലച്ചത്.
ബ്ലാവന കടവില്‍ നിന്നു കല്ലേലിമേട് വനാതിര്‍ത്തി ഗ്രാമം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, വാരിയം തുടങ്ങിയ ആദിവാസികുടികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള ഏകമാര്‍ഗമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. രണ്ട് വഞ്ചികള്‍ തമ്മില്‍ കൂട്ടികെട്ടി മുകളില്‍ ഇരുമ്പ് തകിടില്‍ പ്ലാറ്റ്ഫോം ഉണ്ടാക്കിയ കടത്താണു കൊടുംകാട്ടില്‍ താമസിക്കുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങക്ക് അക്കരെ ഇക്കരെ എത്താനുള്ള ഏകആശ്രയമായിരുന്നത്. വഞ്ചികളില്‍ ഒന്നിന്റെ പലക ദ്രവിച്ച് ദ്വാരം വീണിരിക്കുകയാണ്. ദ്വാരം വലുതായി വെള്ളം അകത്ത് കയറിയതോടെ കഴിഞ്ഞുവെള്ളിയാഴ്ച വൈകീട്ട് മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചു. ജീപ്പും യാത്രക്കാരും സാധനങ്ങളും കയറ്റുന്നതോടെ വഞ്ചി ഒരുവശത്തേക്ക് ചെരിഞ്ഞ് മുങ്ങാവുന്ന അവസ്ഥയിലായതോടെയാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
കടത്ത് സര്‍വീസ് നിലച്ചതോടെ കല്ലേലിമേട് ആറാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ കാന്തി വെള്ളക്കയ്യന് സ്ഥലത്തെത്തി വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചു. ഇതനുസരിച്ച് അധികാരികള്‍ സ്ഥലത്തെത്തി വഞ്ചിയുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ച് മടങ്ങി. വഞ്ചിയുടെ അറ്റകുറ്റപ്പണി തീര്‍ക്കണമെങ്കില്‍ ആലപ്പുഴവൈക്കം ഭാഗത്ത് നിന്ന് പണിക്കാര് എത്തണം. പലക മാറ്റി അറ്റകുറ്റപ്പണി തീര്‍ക്കാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുവരെ ബംഗ്ലാവ് കടവില്‍ സര്‍വീസ് നിര്‍ത്തിവച്ച സര്‍വീസിന്റെ വഞ്ചി ബ്ലാവന കടവിലേക്ക് മാറ്റിയാല്‍ ഇവിട സര്‍വീസ് നടത്താനാകും.
ബ്ലാവനയില്‍ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം ജലരേഖയായി തുടരുകയാണ്. മഴക്കാലവും വറുതിയും വന്യജീവികളുടെ ആക്രമണത്തിന്റെ നിഴലിലും കഴിയുന്ന ആദിവാസികള്‍ക്ക് കാടിറങ്ങി അത്യാവശ്യത്തിന് നാട്ടിലെത്താനും പറ്റാത്ത ദുരവസ്ഥയിലായി.നിലവില്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം കയറാവുന്ന ഒരു ചെറുവഞ്ചി മാത്രമാണ് ഇപ്പോള്‍ ഇവിടെ നാട്ടുകാര്‍ക്ക് ആശ്രയമായുള്ളത്. എംഎല് എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് അടിയന്തിരമായി കടത്ത് സര്‍വീസ് പുനരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.