തൊടുപുഴ: തൊടുപുഴയിലെ സ്ത്രീകള്‍ക്ക് ഇനിയും നഗരത്തിലൂടെ യഥേഷ്ടം നടക്കാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പിങ്ക് ബീറ്റ് പദ്ധതിയാണ് പൂവാലന്‍മാര്‍ക്കു വിനയാകുന്നത്.പരിശീലനം ലഭിച്ച പിങ്ക് വനിതാ പോലീസുകാരെയാണ് പിങ്ക് ബീറ്റില്‍ ഉള്‍പ്പെടുത്തുന്നത്. തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ ഏട്ടു വനിതപോലീസുകാരും വനിതാ എസ്‌ഐയും അടങ്ങുന്ന പിങ്ക് പോലീസാണ് നഗരത്തിലെ സുരക്ഷ ഉറപ്പാക്കുന്നത്.
തിരക്കുള്ള സമയങ്ങളില്‍ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകളില്‍ യൂണിഫോമില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കും. ബസ് സ്റ്റോപ്പുകള്‍, സ്കൂള്‍, കോളജ്, ഓഫീസുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും പിങ്ക് പോലീസ് നിരീക്ഷണത്തിനുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അവശ്യസമയത്ത് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ബീറ്റ് നടപ്പിലാക്കുന്നത്. ദിവസവും രാവിലെ ഏട്ടിനു തുടങ്ങുന്ന സേവനം വൈകുന്നേരം ഏഴുവരെ തുടരും.
രണ്ടു വനിത പോലീസുകാര്‍ അടങ്ങുന്ന സംഘങ്ങളായിട്ടാവും നിരീക്ഷണം നടത്തുക. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെട്ട് പോലീസിന്റെ സേവനം ആവശ്യപ്പെടാം. ഷാഡോ പോലീസിന്റെ പൂര്‍ണമായ പിന്തുണയോടെയാണ് പിങ്ക് ബീറ്റ് നടത്തുന്നത്. പിങ്ക് പോലീസിനുവേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും ജില്ലാ പോലീസ് മേധാവിയാണ് നല്‍കുക.സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും സാമൂഹ്യവിരുദ്ധരെയും കസ്റ്റഡിയിലെടുക്കാന്‍ പിങ്ക് പോലീസ് സദാജാഗരൂഗരായിരിക്കും. തൊടുപുഴയിലെ പിങ്ക് ബീറ്റ് തങ്ങളുടെ സേവനം കാര്യക്ഷമമാക്കാന്‍ പ്രത്യേക വാഹനത്തിനായി കാത്തിരിക്കുകയാണ.