നവാസ് മേത്തര്‍
തലശേരി: പെരിങ്ങാടി മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയ പുതിയപുരയില്‍ വൈദ്യന്റവിട സിദ്ദീഖിനെ(69) കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്. സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനത്തിലാണ് സിദ്ദീഖിനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നുപേരില്‍ രണ്ടുപേരെ ഇന്നലെ പോലീസ് വിട്ടയച്ചു. ഇന്നുരാവിലെ 10ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടയച്ചത്.
മൃതദേഹം കണ്ടെത്തിയ കബര്‍സ്ഥാന്റെ പരിസരത്തുനിന്ന് ഇന്നലെ ഒരു ഷര്‍ട്ടും ചെരിപ്പും കൂടി പോലീസ് കണ്ടെടുത്തു. ഇവിടെനിന്നു നേരത്തെ ലഭിച്ച മൊബൈല്‍ഫോണിന്റെയും ഷര്‍ട്ടിന്റെയും ഉടമസ്ഥനെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണു പോലീസ്. കഴിഞ്ഞ ഫെബ്രുവരിവരെ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണാണ് മൃതദേഹത്തിനു സമീപത്തുനിന്നു പോലീസിനു ലഭിച്ചത്.
എന്നാല്‍ ഈ മൊബൈല്‍ഫോണില്‍നിന്നു ഫെബ്രുവരിക്കുശേഷം കോളുകളൊന്നും പോയിരുന്നില്ലെങ്കിലും ഫോണ്‍ മാഹി പ്രദേശത്തെ ടവറുകള്‍ക്കു കീഴില്‍തന്നെയാണ് ഉണ്ടായിരുന്നത്. മൊബൈല്‍ഫോണിന്റെയും ഷര്‍ട്ടിന്റെയും ഉടമയെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്ന അരലക്ഷത്തോളം രൂപ കവര്‍ന്നെടുക്കുകയാണ് കൊലയ്ക്കുപിന്നിലെ ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം.
സിദ്ദീഖിന്റെ വീട്ടിലെ മുറിയില്‍ ഇന്നലെ പോലീസ് സംഘം പരിശോധന നടത്തി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ കസ്റ്റഡിയിലുള്ള ആളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനുശേഷം ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വ്യക്തമാകാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
മൃതദേഹം കബറില്‍ തലകീഴായിട്ടാണ് കുഴിച്ചിട്ടിരുന്നത്. നാവ് പുറത്തേക്കു തള്ളി കടിച്ചനിലയിലും കണ്ണുകള്‍ പുറത്തേക്കു ഉന്തിയനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അഴുകിയ മൃതദേഹത്തില്‍ മറ്റു മുറിവുകളില്ല. സിദ്ദിഖിന്റെ ദേഹത്തുനിന്നുളള മുണ്ടും ഷര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കബര്‍സ്ഥാനില്‍നിന്നും ഇന്നലെ പോലീസ് സംഘം കണ്ടെത്തിയ ഷര്‍ട്ടും നനഞ്ഞ് കുതിര്‍ന്ന നിലയിലാണുള്ളത്.
സിദ്ദീഖിനെ കാണാതായ ഒമ്പതുമുതല്‍ ഇന്നലെവരെ പെരിങ്ങാടി മൊബൈല്‍ടവറിനു കീഴിലുള്ള ഫോണ്‍കോളുകളുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 15 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. കബര്‍കുഴിക്കുന്നയാള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത മൂന്നുപേരില്‍നിന്നു ശേഖരിച്ച മൊഴികള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
നിലവില്‍ കസ്റ്റഡിയിലുള്ള ആളുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധിക്കും. സിദ്ദീഖ് പള്ളിയിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ സി.സി ടിവി റെക്കോര്‍ഡ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതും പരിശോധിക്കുന്നുണ്ട്. തലശേരി ഡിവൈഎസ്പി സാജു പോള്‍, സിഐ പി.എം. മനോജ്, പാനൂര്‍ സിഐ അബ്ദുള്‍ വാഹിദ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീഹരി, ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡും ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന്റെ മൃതദേഹം മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.