പൊതുവഴിയില്‍ അപകടഭീഷണി ഉയര്‍ത്തി കൂറ്റന്‍ ചുമരുകളും മതിലുകളും

KKD-MATHILവടകര: ചോറോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് പെരുവാട്ടുംതാഴ ബൈപ്പാസ് ജംഗ്ഷനു സമീപം പൊതുവഴിയില്‍ അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ ചുരുകളും മതിലുകളും. കഷ്ടിച്ച് രണ്ട് മീറ്റര്‍ മാത്രം വീതിയുള്ള ഇടവഴിയോട് ചേര്‍ന്നാണ്  ഇരുഭാഗത്തുമായി സമീപത്തെ കൊപ്രക്കളങ്ങളുടെ കൂറ്റന്‍ ചുമരുകളും മതിലുകളും സ്ഥിതി ചെയ്യുന്നത്. കാലപഴക്കത്താല്‍ ഇവ വിള്ളല്‍ വീണ് അപകട ഭീഷണിയിലായിരിക്കുകയാണ്. ഇടവഴിയില്‍ നിന്നു മൂന്നാള്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുമരുകള്‍ മഴക്കാലത്ത് ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതി.  രണ്ടുഭാഗത്തുമുള്ള കൊപ്രക്കളങ്ങളിലേക്ക് പോകാന്‍ ഇടവഴിക്ക് മീതെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലത്തിന്റെ സുരക്ഷയും ഭീഷണിയിലാണ്. ഈ പാലത്തിന് അടിയിലൂടെയാണ് ഊരുവന്റവിട പ്രദേശത്തേയും മറ്റുമുള്ള അമ്പതോളം വീട്ടുകാര്‍ യാത്ര ചെയ്യുന്നത്.

സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ രാപ്പകല്‍ ഭേദമന്യേ ഈ ആറു മീറ്ററിലേറെ പൊക്കമുള്ള ചുമരുകള്‍ക്കിടയിലൂടെ ഭീതിയോടെയാണ് നടന്നുപോകുന്നത്. സിമന്റ് തേക്കാതെ ചെങ്കല്ലില്‍ കെട്ടിയ ചുമര് മഴയില്‍ കുതിര്‍ന്നു പലയിടത്തും വിണ്ടുകീറിയിരിക്കുകയാണ്. എപ്പോഴും ആള്‍ സഞ്ചാരമുള്ള ഇവിടെ ചുമരോ മതിലോ ഇടിഞ്ഞുവീഴുകയാണെങ്കില്‍ വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇക്കാര്യത്തില്‍ അടിയന്തര നടപടി തേടി ഇവിടത്തുകാര്‍ ജില്ലാകളക്ടര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും നിവേദനം നല്‍കി. തുടര്‍ നടപടിക്ക് വേണ്ടി നാട്ടുകാര്‍ വിപുലമായ കമ്മിറ്റിക്കും രൂപം നല്‍കി.

Related posts