പൊന്‍കുന്നം-എരുമേലി സമാന്തര പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

KTM-ROADപൊന്‍കുന്നം: ദേശീയപാത നിലവാരത്തിലാക്കുന്ന പൊന്‍കുന്നം – എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. ദേശീയ പാതയില്‍ പൊന്‍കുന്നം ടൗണിന് സമീപം കെവിഎംഎസ് ജംഗ്ഷന്‍ മുതല്‍ എരുമേലി – കാഞ്ഞിരപ്പള്ളി പാതയിലെ കുറുവാമൂഴി വരെയുള്ള 15 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാത നിലവാരത്തില്‍ നിര്‍മിക്കുന്നത്. ശബരിമല തീര്‍ഥാടന കാലത്തിന് മുമ്പ് ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയ ഹൈവേയുടെ നിര്‍മാണം ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്നു.ആദ്യഘട്ടത്തില്‍ ബിറ്റുമിന്‍ മെക്കാഡം പണികള്‍ പൂര്‍ത്തിയാക്കിയ റോഡില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബിഎംബിസി പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഉയരം വര്‍ധിച്ച ഹൈവേയുടെ കട്ടിംഗുകള്‍ അപകട കെണികള്‍ ആകാതിരിക്കുന്നതിന് പാതയുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തിന് മുന്‍പ് ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പാതയിലൂടെ അയ്യപ്പഭക്തരുടെ വാഹനത്തിരക്ക് ഏറിയതോടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷവും പണികള്‍ പുനരാരംഭിക്കാഞ്ഞതോടെ റോഡിന്റെ വശങ്ങളിലെ ടാറിംഗ് ചിലയിടങ്ങളില്‍ അടര്‍ന്ന് തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണി പൂര്‍ത്തീകരിക്കുന്നതോടെ എരുമേലിയിലേക്കെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പാതയാണിത്.

നെടുമ്പാശേരി ഹൈവേ പദ്ധതിയില്‍പെടുത്തി ഹൈവേയുടെ വീതി വര്‍ധിപ്പിക്കുന്നതിന് പ്രാഥമിക ഘട്ട സര്‍വെ നടപടികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തത് പാതയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം പലയിടങ്ങളിലും വീതി വളരെ കുറഞ്ഞ പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ കോട്ടയം, പാലാ ഭാഗത്തുനിന്നു വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്ക് കെവിഎംഎസില്‍ നിന്ന് ആരംഭിക്കുന്ന സമാന്തര പാതയിലൂടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കില്‍പ്പെടാതെ എരുമേലിക്ക് വളരെ വേഗം എത്താന്‍ കഴിയും.

Related posts