കോട്ടയം: കുഴിമറ്റത്തു നിന്നും പോക്കിമോനെ തേടി കാറില്‍ യാത്രതിരിച്ച യുവാക്കള്‍ ചെന്നു നിന്നതു 70 കിലോമീറ്റര്‍ അകലെയുള്ള കുട്ടിക്കാനത്ത്. കിട്ടിയ 28 പോക്കിമോനെ ചാക്കിലാക്കി യുവാക്കള്‍ തിരികെ പോന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുഴിമറ്റത്താണു സംഭവങ്ങളുടെ തുടക്കം. ഇവിടെ നിന്നുമാണു യുവാക്കള്‍ കാറില്‍ കുട്ടിക്കാനം വരെ സഞ്ചരിച്ചത്. അടുത്തയിടെ പുറത്തിറങ്ങിയ പ്രശസ്തമായ ഗെയിമാണ് പോക്കിമോന്‍ ഗോ. ഈ ഗെയിം കളിച്ചാണ് യുവാക്കള്‍ കുട്ടിക്കാനത്തു എത്തിയത്.
കേരളത്തില്‍ തരംഗമായി ഗെയിം പിടിമുറുക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കോട്ടയത്തു സംഭവിച്ചത്. ജിപിഎസ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ പോക്കിമോന്‍ എന്ന ഗെയിം കളിക്കാനാകൂ. ഫോണ്‍ കാമറ ഉപയോഗിച്ച് അതിലൂടെ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. മുമ്പിലുള്ള സ്ഥലത്താണ് പോക്കിമോന്‍ ഗെയിം നടക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ സ്ക്രീനിലുടെ നോക്കുമ്പോള്‍ പ്രേക്ഷകര്‍ക്കു തോന്നുന്നത്.
കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചു വരെ പോക്കിമോന്‍ കഥാപാത്രങ്ങള്‍ മാറും. ഫോണിലെ ജിപിഎസിന്റെ സഹായത്തോടെയാണു ഇത്തരത്തില്‍ സംഭവിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് വഴി നല്‍കുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണു ഗെയിം. വഴികളിലും പുഴകളിലും കടലിലും എന്തിനു വെള്ളച്ചാട്ടത്തില്‍ വരെ പോക്കിമോനെ കണ്ടെന്നിരിക്കും. സ്ക്രീനിലെ കാമറയിലൂടെയാണ് ഇവയെ കണെത്താന്‍ കഴിയുന്നത്. ഇവയെ പോക്കറ്റ്‌ബോള്‍വച്ചു എറിഞ്ഞു പിടിക്കണം.
തുടര്‍ന്നു ജിം എന്ന സ്ഥലത്തുവച്ചു പോക്കിമോനുകള്‍ തമ്മില്‍ യുദ്ധം നടക്കും. പോക്കിമോന്‍ ഗെയിം കളിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ പോലീസ് സ്‌റ്റേഷനുകളിലും കോടതി മുറികളിലും മറ്റ് ആളുകളുടെ പൂന്തോട്ടങ്ങളിലുമെല്ലാം പോക്കിമോന്‍ വേട്ടക്കാരെകൊണ്ടു നിറഞ്ഞിരിക്കുകയാണ്. രാത്രിയില്‍ പോക്കിമോന്‍കളിച്ചിരുന്ന രണ്ടുപേരെ മോഷ്ടാക്കളാണെന്ന് കരുതി വെടിവച്ച സംഭവവും അമേരിക്കയിലുണ്ടായിരുന്നു. ചില ഗള്‍ഫ് രാജ്യങ്ങളില്‍ പോക്കിമോന്‍ നിരോധിച്ചിട്ടുണ്ട്.