വിഴിഞ്ഞം: ഗുജറാത്തി ടഗ്ഗ് പോര്‍ട്ട് അധികൃതരെ ഇന്നലെ ഉറക്കിയില്ല. അനാഥമായ ടഗ്ഗില്‍ അവശേഷിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാര്‍ ഭയന്ന് വിറച്ചു. ടഗ്ഗ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി . ബന്ധിച്ചിരുന്ന കൂറ്റന്‍ വള്ളങ്ങളും ബൊള്ളര്‍ഡും തകര്‍ത്ത് കടലിലേക്ക് ഒഴുകാന്‍ ശ്രമിച്ച ടഗ്ഗിനെ വാര്‍ഫിലടുപ്പിക്കാന്‍ രാത്രിയില്‍ പോര്‍ട്ട് അധികൃതര്‍ പാഞ്ഞെത്തി.പോര്‍ട്ട് ഓഫീസര്‍ മോഹന്‍ദാസ് വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ ടഗ്ഗ് മാസ്റ്റര്‍ ശശി കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആടിയുലഞ്ഞ ടഗ്ഗിനെ ബന്ധിക്കാനായത്.
കരയില്‍ ബന്ധിച്ചിരുന്ന നാല് വടങ്ങളില്‍ മൂന്നും പൊട്ടിച്ചെറിഞ്ഞ് അധികമായി രണ്ട് ബൊള്ളാര്‍ഡുകളും തകര്‍ത്ത് അപകടാവസ്ഥയിലായ ടഗ്ഗിനെ നിലയ്ക്കു നിര്‍ത്താന്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ ശ്രമം ആരംഭിച്ചു. ടഗ്ഗ് ജീവനക്കാര്‍ കൊണ്ടുവന്ന പഴയവടവും ഏത് സമയവും തകര്‍ക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍. കടല്‍ക്ഷോഭം കാരണം കരയിലേക്ക് അടിച്ച് കയറുന്ന വന്‍ തിരയും ആടിയുലഞ്ഞ് അപകടാവസ്ഥയിലായ ടഗ്ഗ് ഒരാഴ്ച്ചയായി പോര്‍ട്ട് അധികൃതരുടെ ഉറക്കംകെടുത്തുകയാണ്.
നേരത്തെ സുരക്ഷിതമല്ലെന്ന് കണ്ട് പഴയവാര്‍ഫിലേക്ക് മാറ്റിയ ടഗ്ഗ് ചൊവാഴ്ച്ച രാവിലെ രണ്ട് ബൊള്ളാര്‍ഡും ഒരു വടവും തകര്‍ത്തിരുന്നു.അപകടം മുന്നില്‍ കണ്ട അധികൃതര്‍ കൂടുതല്‍ വടം ഉപയോഗിച്ച് ബന്ധിച്ച് നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുശേഷം ബന്ധിച്ച ബൊള്ളാര്‍ഡും വടവുമാണ് ഇന്നലെ രാത്രി തകര്‍ത്ത് ഒഴുകാന്‍ ശ്രമിച്ചത്. പുതിയ വാര്‍ഫിലേക്ക് മാറ്റി ഇടാന്‍ ഇന്നലെ നടത്തിയ ശ്രമവും ഫലം കണ്ടില്ല.ടഗ്ഗിനെ ബന്ധിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പല്‍ മാറ്റണമെന്ന് അധികൃതര്‍ കോസ്റ്റ് ഗാര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അറിയുന്നു.നിയന്ത്രണം വിടുന്ന ടഗ്ഗ് വള്ളത്തിലിടിച്ചാല്‍ ക്രമസമാധാനം തകരുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്.