പോര് അവസാനിക്കുന്നില്ല; സിപിഎമ്മിലേക്ക് സിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം

ekm-cpicpmകൊച്ചി: അന്യോന്യം അണികളെ അടര്‍ത്തിയെടുത്ത് ജില്ലയിലെ സിപിഎം-സിപിഐ പോര് മുറുകുന്നതിനിടെ മറുകണ്ടം ചാടുന്നവരുടെ പട്ടിക നീളുന്നു. ഏറ്റവുമൊടുവില്‍ സിപിഐയുടെ ചേരിയില്‍ നിന്ന് സിപിഎമ്മില്‍ ചേരുന്നതായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് അഭിഭാഷകനും സിപിഐയുടെ അഭിഭാഷക സംഘടനയുടെ മുന്‍ ഭാരവാഹിയുമായ പി.കെ.ബാബുവാണ്. 1977 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തും സിപിഐയുടെ എറണാകുളം ജില്ലാ കമ്മിറ്റിയിലും വിവിധ ട്രേഡ് യൂണിയനുകളിലും വര്‍ഗബഹുജന സംഘടനകളിലും നേതൃത്വപരമായ പങ്കു വഹിച്ചുവന്നിരുന്ന താന്‍ സിപിഐയില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പി.കെ.ബാബു പത്രക്കുറിപ്പില്‍ അറിയിച്ചു.

1977 ല്‍ സിപിഐയില്‍ അംഗമായ താന്‍ 85 മുതല്‍ 2008 വരെ 23 വര്‍ഷക്കാലം ജില്ലാ കമ്മിറ്റിയംഗമായിരുന്നതടക്കം വഹിച്ചിട്ടുള്ള വിവിധ ഭാരവാഹിത്വം അടക്കമുള്ള വിശദമായ കുറിപ്പാണ് മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ് സിപിഐ വിട്ടുപോകുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. സിപിഐ പിന്തുടരുന്ന തെറ്റായ രാഷ്ട്രീയനയങ്ങളും പരിപാടികളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതല്ലെന്ന് കണെ്ടത്തിയാണ് രാജി വയ്ക്കുന്നതെന്നും  വിശദമാക്കുന്നു.

അതേസമയം കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി തങ്ങള്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാത്തയാളാണ് പി.കെ.ബാബുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ഏഴുവര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനവും ഇദ്ദേഹം നടത്തിയിട്ടില്ല. നേരത്തെ ഇടതു സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ ആക്കണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നതായി പി.രാജു പറഞ്ഞു. അതിനു തയാറല്ലെന്നു പറഞ്ഞതാകണം പുതിയ പ്രകോപനമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Related posts