പോസ്റ്റ് ഓഫീസ് വഴിയെത്തിയ പാഴ്‌സലിലെ സാധനങ്ങള്‍ നഷ്ടപ്പെട്ടു; വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

alp-partcelകോഴഞ്ചേരി : പോസ്റ്റ് ഓഫീസ് വഴി അയച്ച പാഴ്‌സല്‍ പൊട്ടിച്ചു സാധനങ്ങള്‍ മോഷ്ടിച്ചതായി പരാതി. സൗദിയില്‍ നിന്നും അയച്ച പാഴ്‌സലിലെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിനെതിരെ മെഴുവേലി കാരിത്തോട്ട നെടിയകാലാ ഗ്രേസ്‌വില്ലയില്‍ ഷേര്‍ലി മോനി ആറന്മുള പോലീസിലും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉള്‍പ്പെടെ ഉന്നത  ഉദ്യോഗസ്ഥന്മാര്‍ക്കും പരാതി നല്‍കി. സൗദിയിലെ അല്‍ ഹസമീനില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന മോനി തോമസ് കഴിഞ്ഞ മാസം 15 ന് ആധുനിക ഇലക്‌ട്രോണിക് പണിയായുധങ്ങളും ഭക്ഷ്യവസ്തുക്കളുമുള്‍പ്പെടെ മൂന്ന് പായ്ക്കറ്റുകളിലായിട്ടാണ് ഭാര്യയുടെ പേരില്‍ നാട്ടിലേക്കയച്ചത്.

ഇതില്‍ 30 കിലോ തൂക്കമുള്ള ഒരു പാഴ്‌സല്‍ കഴിഞ്ഞ 29 ന് കിടങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ എത്തി. കിടങ്ങന്നൂര്‍ പോസ്റ്റ് ഓഫീസിനു കീഴിലുള്ള കാരിത്തോട്ട സബ് പോസ്റ്റ് ഓഫീസിനു പരിധിയിലുള്ള താമസക്കാരാണ് മോനിയും കുടുംബവും. അധ്യാപിക കൂടിയായ ഷേര്‍ലി മോനി 30 ന് രാവിലെ 11.30 ന് കാരിത്തോട്ട പോസ്റ്റ് ഓഫീസില്‍ മറ്റൊരാവശ്യത്തിന് എത്തിയപ്പോഴാണ് കിടങ്ങന്നൂരില്‍ ഇത്തരം ഒരു പാഴ്‌സല്‍ വന്ന വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ ഷേര്‍ലി കാരിത്തോട്ട യിലെ പോസ്റ്റ്മാനുമായി കിടങ്ങന്നൂരിലെത്തി ഒപ്പിട്ട് പാഴ്‌സല്‍ കൈപ്പറ്റിയപ്പോഴാണ് പൊട്ടിച്ച് സാധനം ആരോ മോഷ്ടിച്ച വിവരം അറിയുന്നത്.

ലഭിച്ച പാഴ്‌സലിന്റെ മുകള്‍ഭാഗം കീറിയാണ് അകത്തുള്ള സാധനങ്ങള്‍ കവര്‍ന്നിട്ടുള്ളത്. 30 കിലോ തൂക്കമുണ്ടായിരുന്ന പെട്ടിയില്‍ ഇപ്പോള്‍ 20 കിലോ തൂക്കം മാത്രമാണ് ഉള്ളത്. 18,000 രൂപ ഫീസ് അടച്ച് അയച്ച മൂന്ന് പെട്ടികളില്‍ ഒരു പെട്ടി മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. മറ്റ് പെട്ടികളെക്കുറിച്ച് വിവരമില്ല എന്നുമാത്രമല്ല, ലഭിച്ച പാഴ്‌സലില്‍ നിന്നും മോഷ്ടിക്കുകയും ചെയ്തത് പോസ്റ്റല്‍ അധികൃതരെയും ഞെട്ടിച്ചു.

ഇത്തരമൊരു സാഹചര്യത്തിലാണ് മോഷണവും വഞ്ചനയും കണ്ടെത്തുന്നതിനും നിയമനടപടികള്‍ ആവശ്യപ്പെട്ടും നഷ്ടപ്പെട്ട സാധനം വീണ്ടുകിട്ടുന്നതിനും ഷേര്‍ലി മോനി പോലീസിലും പോസ്റ്റ്മാസ്റ്റര്‍ ജനറലിനും പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് തപാല്‍ വകുപ്പും അന്വേഷണം ആരംഭി ച്ചിട്ടുണ്ട്.

Related posts