കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കള്‍.
വസ്തുതകള്‍ മനസിലാക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ട്.
തങ്ങള്‍ നല്കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണം നടന്നത് മുഖ്യമന്ത്രിയുടെ നിര്ദേശങ്ങള്ക്കനുസരിച്ചാണെന്നും ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
ജൂലൈ 20നാണ് ഹാരിസ് മരിച്ചത്. പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ ജൂലൈ 24 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റേതെങ്കിലും ഹാരിസിന്റെ മരണമാണോ ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയമുണ്ട്.
സംഭവത്തില്‍ ഹാരിസിന്റെ കുടുംബവുമായി കൂടിയാലോചിച്ച് പരാതിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ഹാരിസിന്റെ മരണത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിനെതിരെ തങ്ങള്‍ നല്കിയ പരാതി വ്യാജമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുകൊണ്ടാകാം അന്വേഷണം ഈ രീതിയില്‍ അവസാനിച്ചതെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
കോവിഡ് ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ചതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
രോഗികളുടെ മരണം കോവിഡ് ആന്തരിക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് ഹാരിസിന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.