ഫഌറ്റും പടക്കനിര്‍മാണശാലയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്; കാര്‍ഷികമേഖലയ്ക്കും വിദ്യാഭ്യാസത്തിനും പ്രാമുഖ്യം

alp-budjetആലപ്പുഴ: പതിവുപോലെ കാര്‍ഷികമേഖലയ്ക്കും വിദ്യാഭ്യാസമേഖലയിലെ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്കി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈസ്പ്രസിഡന്റ് ദലീമ ജോജോയാണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആമുഖപ്രസംഗം നടത്തി.

68.52 കോടി വരവും 62.84 കോടി ചെലവും 5.68 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഉത്പാദനമേഖലയില്‍ 8.70 കോടി വകയിരുത്തി. നെല്‍കൃഷി, മറ്റുവിളകള്‍, കാര്‍ഷികവികസനപരിപാടികള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, പച്ചക്കറിക്കൃഷി, റിവോള്‍വിംഗ് ഫണ്ട്, താറാവുകൃഷി, ജലസംരക്ഷണം, ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ഉത്പാദനമേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പദ്ധതികള്‍ക്കും റവന്യു ചെലവുകള്‍ക്കുമായി 25.5 കോടി വകയിരുത്തി. വിദ്യാഭ്യാസം, കായികം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ശ്മശാനങ്ങള്‍, ഭവനനിര്‍മാണം, വൃദ്ധക്ഷേമ പരിപാടികള്‍, ശാരീരിക മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പരിപാടികള്‍, വനിതാക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗക്ഷേമം, ടൂറിസം, തൊഴില്‍നൈപുണ്യ വികസനം തുടങ്ങിയ സേവനമേഖലകള്‍ ഇതിലുള്‍പ്പെടുന്നു.

ജില്ല ഹോമിയോ ആശുപത്രിക്കായി 25 ലക്ഷം രൂപ വകയിരുത്തി. ആശ്രയ പദ്ധതിക്കായി പത്തുകോടിയും പശ്ചാത്തലമേഖലക്കായി 8.70 കോടിയും വകയിരുത്തി. വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍, റോഡുകള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവ പശ്ചാത്തലമേഖലയില്‍ ഉള്‍പ്പെടുന്നു. അരൂരില്‍ എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്കായി അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഫഌറ്റ് സംവിധാനം, തുറവൂരിലെ പടക്കനിര്‍മാണ തൊഴിലാളികള്‍ക്കായി സംഘടിത പടക്കനിര്‍മാണകേന്ദ്രം എന്നിവ ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ച പ്രത്യേക പദ്ധതികളാണ്.

അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗ്രൗണ്ടുകള്‍, ടര്‍ഫുകള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍ ഇവ ഉള്‍ക്കൊള്ളിച്ചുള്ള പൊതുവായ കായികവിനോദ സമുച്ചയം, കാന്‍സര്‍രോഗ നിര്‍ണയത്തിനായി സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ്, ശീതികരിച്ച പച്ചക്കറി സംഭരണശാല, ജില്ലാ പഞ്ചായത്തു സ്കൂളുകള്‍ക്കു വിവര സാങ്കേതിക വിദ്യാഭ്യാസത്തിനുതകുന്ന സാങ്കേതിക പര്യാപ്തമായ പഠനമുറികള്‍ എന്നിവ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.

Related posts