നൂറുകണക്കിനാളുകള്‍. ഇവര്‍ ആരൊക്കെയാണെന്നും ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും വീടുകള്‍ വാടകയ്ക്ക് നല്‍കിയവര്‍ക്ക് ഒരു വിവരവുമില്ല. ആരുടെയും പേരുകള്‍ പോലും വീട്ടുടമകള്‍ക്ക് അറിയില്ല. രാവിലെ പണിക്ക് പോകും, വൈകിട്ട് തിരിച്ചുവരും. അറിയാത്ത ഭാഷകളില്‍ ഫോണുകളിലൂടെ സംസാരം – വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി ഉടമകള്‍ പോലീസിനോട് പറഞ്ഞതിങ്ങനെ.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 143 പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെന്ന് എരുമേലി എസ്ഐ ജെര്‍ലിന്‍ വി. സ്കറിയ പറഞ്ഞു. തൊഴിലാളികളുടെ വിരലടയാളവും, തിരിച്ചറിയില്‍ രേഖകളും ഡേറ്റാ ബാങ്കായി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം ആരംഭിച്ചത്്. തൊഴിലുകള്‍ നല്കുന്ന കരാറുകാരുടേയും വാടകവീടുകളുടെ ഉടമകളുടേയും യോഗം അടുത്ത ദിവസം നടത്തുമെന്ന് എസ്ഐ പറഞ്ഞു.
മിക്ക വീടുകളുടെയും ടെറസിന് മുകളില്‍ ടിന് ഷീറ്റുകള്‍ മേല്‍ക്കൂരയാക്കി സൈഡില്‍ വലകള്‍ മറച്ച് പത്തും ഇരുപതും പേരാണ് വസിക്കുന്നത്. കൈതത്തോട്ടങ്ങള്, ഹോട്ടലുകള്‍, കെട്ടിട നിര്‍മാണ മേഖലകള്‍ തുടങ്ങി തയ്യല്‍കടകളില്‍ വരെ അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. എരുമേലിയില്‍ ടൗണുകളില്‍ വര്‍ഷങ്ങളായി രാത്രി കാവല്‍ നടത്തുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇടക്കിടെ ഇവരില്‍ ആള്ക്കാര് മാറും. പുതിയ കാവല്‍ക്കാരനെ പരിചയപ്പെടുത്തി പഴയ കാവല്‍ക്കാന്‍ പോകും.
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് എത്തിയ പോലീസിനെ കണ്ട് വാടകവീടുകള്‍ ലഭിക്കുമോയെന്ന് നാട്ടുകാരായ നിരവധിപ്പേര്‍ തിരക്കിയത് പോലീസിന് കൗതുകമായി. നാട്ടുകാര്‍ക്ക് വാടകവീടുകള്‍ കിട്ടാന്‍ കടമ്പകളും പ്രയാസങ്ങളും ഏറെയുള്ളപ്പോഴാണ് ഊരും പേരും അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചാകര പോലെ വാടകവീടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.