ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി കര്‍ഷകപ്രിയമാര്‍ന്നതും സാമൂഹ്യ, വനിതാ ക്ഷേമകരവുമായ ബജറ്റ് അവതരിച്ചിപ്പ് കൈയടി നേടി. എന്നാല്‍, 120 കോടി ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്തെ കായിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ജയ്റ്റ്‌ലി മാറ്റി വച്ച ആകെ തുക 1592 കോടി രൂപയാണ്. ഇതാകട്ടെ, കായികരംഗത്തിനൊപ്പം യുവജനക്ഷേമത്തിനും കൂടിയാണ്. കായികരംഗത്തിനു മാത്രമായി പരിശോധിച്ചാല്‍ 900 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. ഒളിമ്പിക്‌സിലടക്കം ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടണമെന്ന് ഉദ്‌ഘോഷിക്കുമ്പോള്‍ അതിലേക്കായി നീക്കിവയ്ക്കുന്ന തുകയുടെ കാര്യത്തില്‍ വലിയ വര്‍ധനവരുത്താത്തത് ദൗര്‍ഭാഗ്യകരമാണ്.
ഒളിമ്പിക്‌സ് നടക്കുന്ന വര്‍ഷമാണ് ഇത്രയും തുക മാത്രം മാറ്റിവച്ചത് എന്നുകൂടി ഓര്‍ക്കണം.കായിക രംഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനു വേണ്ടി അടിസ്ഥാന സൗകര്യവികസനത്തിനും മറ്റും ഊന്നല്‍ നല്‍കുന്ന കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല.
കായിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കുന്ന രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാലങ്ങളായി നമ്മുടെ ബഡ്ജറ്റ് വിഹിതം നാമമാത്രമാണെന്നു മനസിലാകും. 2015ല്‍ രണ്ടു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു നമ്മുടേതെങ്കില്‍ 2016 എത്തുമ്പോള്‍ അതിലും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. സ്‌പോര്‍ട്‌സിലെ വിഹിതം 900 കോടി എന്നുവച്ചാല്‍ എട്ടു രൂപമാത്രമാണ് ഒരാള്‍ക്കു മാറ്റിവച്ചിട്ടുള്ളത്.
അതായത് രാജ്യത്തിന്റെ കായിക സംസ്കാരത്തിന് സര്‍ക്കാരിന്റെ വക ഒരാള്‍ക്കു ലഭിക്കുന്നത് കേവലം എട്ടു രൂപ. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കായിക വികസനത്തിനായി ഓരോ വര്‍ഷവും മാറ്റിവയ്ക്കുന്ന തുക ഇതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ആറു മെഡലുകള്‍ മാത്രം! അതായത് 10 ലക്ഷം പേര്‍ക്ക് 0.01 മെഡല്‍! വലിയ സമ്പദ് വ്യവസ്ഥയും ലോകത്തെ രണ്ടാമത്തെ ജനസംഖ്യയും ഉള്ള ഒരു രാജ്യത്തിന് ഇത്രയും മെഡലുകള്‍ നേടാനുള്ള കരുത്തേയുള്ളോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.
കാലങ്ങളായി നമ്മുടെ സര്‍ക്കാരുകള്‍ കായികരംഗത്തെ അവഗണിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ മെഡല്‍ വരള്‍ച്ച. കായികരംഗത്തെ സമഗ്രമായ വളര്‍ച്ച എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു പറയുമ്പോഴാണ് ഈ അവഗണന.
ബജറ്റ് വിഹിതം
സായി സെന്ററുകളുടെ നവീകരണത്തിനായി ബഡ്ജറ്റ് വകയിരുത്തിയിരിക്കുന്നത് 381.30 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഏതാണ്ട് 50.87 കോടി രൂപ. അതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കായിക വികസനവുമായി ബന്ധപ്പെട്ട് 144 കോടി രൂപ മാറ്റിവച്ചു. ഇതാകട്ടെ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു കോടിയോളം കുറവും. ദേശീയ കായിക ഫെഡറേഷനുകള്‍ക്കു നല്‍കുന്ന വിഹിതത്തില്‍ ഭേദപ്പെട്ട വര്‍ധന വരുത്തിയിട്ടുണ്ട്.
185 കോടിരൂപയായിരുന്നത് 545.90 ആയി കൂട്ടി. എടുത്തു പറയത്തക്ക മറ്റൊരു വകയിരുത്തല്‍ ഉത്തേജകമരുന്നുപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ നീക്കിവച്ചു എന്നതാണ്.
മികവ് സ്വന്തം നിലയില്‍
രാജ്യാന്തര തലത്തില്‍ സമീപകാലത്ത് മികവു പ്രകടിപ്പിച്ചവര്‍ക്കു പലര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള സഹായം വളരെ കുറച്ചാണ് ലഭിച്ചിട്ടുള്ളത്. സൈന നെഹ്‌വാള്‍, സാനിയ മിര്‍സ, ലിയാന്‍ഡര്‍ പെയ്‌സ്, പങ്കജ് അഡ്വാനി, അനിര്‍ബന്‍ ലഹിരി, വിശ്വനാഥന്‍ ആനന്ദ് തുടങ്ങിയവര്‍ സ്വപ്രയത്‌നത്താലാണ് വലിയ നേട്ടങ്ങള്‍ കൈവരിച്ചത്. അവരൊക്കെ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് സര്‍ക്കാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചത്. മികവു പുലര്‍ത്താന്‍ കഴിയുന്ന കായികമേഖലകള്‍ കണെ്ടത്തിയുള്ള വിദഗ്ധ പരിശീലനം നല്‍കുന്ന പ്രവണതയാണ് നമ്മുടേത്. കൂടുതല്‍ ഇനങ്ങളിലേക്കുകൂടി ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനു കൂടുതല്‍ പണവും കരുതലും ആവശ്യമാണ്.