ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍കോളജില്‍ ഇന്നലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബഷീറിന്റെ ഹൃദയം സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നു രാവിലെ ഏഴോടെ വെന്റിലേറ്റര്‍ നീക്കംചെയ്തു. ഹൃദയം മാറ്റിവച്ച് 20 മണിക്കൂറിനുള്ളില്‍ത്തന്നെ യന്ത്രസഹായം പൂര്‍ണമായും ഒഴിവാക്കാനായത് നല്ലസൂചനയാണ്. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണ് ബഷീര്‍. ഇന്നുതന്നെ ബഷീര്‍ സംസാരിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡോക്ടര്‍മാര്‍. മൂന്നാഴ്ചയ്ക്കുള്ളില്‍ ബഷീറിന് ആശുപത്രി വിടാനാകുമെന്നാണു കരുതുന്നത്.
22 വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു ബഷീര്‍. രണ്ടുതവണ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഹൃദയത്തിന്റെ വലിപ്പം കൂടുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്ത് നടക്കാന്‍പോലുമാകാത്ത സ്ഥിതിയിലായിരുന്നു എറണാകുളം എടവനക്കാട്ട് കൂട്ടുങ്ങല്‍ചിറ രായംമരക്കാര്‍ ബഷീര്‍ എന്ന അന്‍പത്തിയഞ്ചുകാരന്‍. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലാതിരിക്കെ കോട്ടയം മെഡിക്കല്‍കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്നറിഞ്ഞ് നാലുമാസം മുന്‍പ് ഇവിടെ എത്തുകയായിരുന്നു.
മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ബഷീറിന് അനുയോജ്യമായ ഹൃദയം ലഭിച്ചതറിഞ്ഞ് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സ്വീകരിക്കേണ്ട ഹൃദയത്തിന് അണുബാധ ഉണ്ടായതിനാല്‍ അവസാനനിമിഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ബഷീറിനെ ഭാഗ്യം തുണച്ചു. തിങ്കളാഴ്ച എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം ബഷീറിന് അനുയോജ്യമായി. ഇതോടെ തിങ്കളാഴ്ച വൈകുന്നേരം മെഡിക്കല്‍കോളജില്‍ എത്താന്‍ ബഷീറിനോട് നിര്‍ദേശിക്കുകയും ശസ്ത്രക്രിയയ്ക്ക് ഒരുക്കുകയുമായിരുന്നു.
കോട്ടയം മെഡിക്കല്‍കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കൃത്യമായ ആസൂത്രണത്തിലൂടെ പിഴവുകളൊന്നും കൂടാതെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഏഴുമാസം മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അതേ സംഘംതന്നെയാണ് ഇന്നലെയും ശസ്ത്ക്രിയ നടത്തിയത്.