വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച് ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയ പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, നെല്ലനാട്, ഭൂതമടക്കി പുത്തന്‍ വീട്ടില്‍ ജ്യൂപ്പിറ്റര്‍ എന്നറിയപ്പെടുന്ന കൃഷ്ണന്‍കുട്ടി നായരാണ് (64) പിടിയിലായത്.
കഴിഞ്ഞ 23നു പുലര്‍ച്ചെ മൂന്നിനു വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ നെല്ലനാട് മാണിയ്ക്കല്‍ മാക്കാംകോണത്തു വീട്ടില്‍ ജയചന്ദ്രന് നായരെ (39) ഇരുമ്പ് ദണ്ഡു കൊണ്ട് തലയ്ക്കും കഴുത്തിലും അടിച്ചു മാരകമായി പരിക്കേല്പിച്ച് ബോധം കെടുത്തിയ ശേഷം ബാങ്കിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് പ്രതി ശ്രമിച്ചത്. ബാങ്ക് കവര്‍ച്ച മാസങ്ങള്‍ക്കു മുമ്പു തന്നെ പ്രതി ആസൂത്രണം ചെയ്തിരുന്നു. ഇതിലേക്കായി നിരവധി തവണ ബാങ്കില്‍ എത്തുകയും കവര്‍ച്ച നടത്തേണ്ട രീതികള്‍ ആസൂത്രണം ചെയ്യുകുയം ചെയ്തിരുന്നു.
ഉദ്ദേശം രണ്ടാഴ്ച മുമ്പ് ബാങ്കിന്റെ ലോക്കര്‍ റൂം പൊളിയ്ക്കുന്നതിനായി കട്ടിംഗ് മെഷീന് ബാങ്കിന്റെ ടെറസിനു മുകളില്‍ പ്രതി സൂക്ഷിച്ചുവച്ചിരുന്നു. കഴിഞ്ഞ 22നു പ്രതി രാത്രി 10.30 ഓടെ ബാങ്കിനു പുറകുവശത്തു കൂടി കയറി ടെറസില്‍ ഇറങ്ങി അതുവഴി ബാങ്കിന്റെ ഡൈനിംഗ് ഹാളിന്റെ മേശയ്ക്കടിയില്‍ ഒളിച്ചിരുന്നു. തുടര്‍ന്നു സെക്യൂരിറ്റി ജയചന്ദ്രന് എത്തുകയും വായനശാല മുറിയ്ക്കകത്ത് കയറി വിശ്രമിച്ച ജയചന്ദ്രനെ പുലര്‍ച്ചെ രണ്ടരയോടെ പ്രതി ടെറസിനു മുകളില്‍ കരുതിയിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല പ്രാവശ്യം അടിച്ചു ബോധം കെടുത്തിയ ശേഷം താക്കോല്‍ കൈവശപ്പെടുത്തി നേരത്തെ ഒളിപ്പിച്ചു വച്ചിരുന്ന കട്ടിംഗ് മെഷീനുമായി ബാങ്ക് മുറിയില്‍ കയറുകയും സ്ട്രോംഗ് റൂമിനു മുന്‍വശം എത്തി കട്ടര്‍ ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ മുന്‍വശം വാതിലിന്റെ പൂട്ട് അറുത്ത് വാതില്‍ മുറിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ വാതില്‍ മുറിയ്ക്കുന്ന ശബ്ദം കേട്ട് പരിക്കേറ്റു കിടന്ന ജയചന്ദ്രന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതിനാലും നേരം പുലരാറായതിനാലും സമീപത്തെ വീട്ടില്‍ ലൈറ്റ് ഇട്ടതായി പ്രതിയ്ക്കു തോന്നിയതിനാലും കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് പ്രതി ടെറസിന്റെ മുകളിലെത്തി അലൂമിനിയം റൂഫിന്റെ അലുമിനിയം ഭിത്തി ഇളക്കി അതുവഴി പുറത്തു കടന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി കൃത്യത്തിനു ശേഷം 23നു മധുരയ്ക്കു ഒളിവില്‍ പോയി. തുടര്‍ന്നു മുംബൈയിലും തിരികെ കോഴിക്കോട്ടും എറണാകുളത്തും ഒളിവില്‍ കഴിഞ്ഞ ശേഷം തിരികെ വെഞ്ഞാറമൂട്ടിലേക്ക് മടങ്ങി വരവെ തണ്ട്രാംപൊയ്കയില്‍ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിക്ക് 50 ലക്ഷം രൂപയോളം വരുന്ന കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചത്. പ്രതി വട്ടിയൂര്‍ക്കാവിലുള്ള സുധീപ് എന്ന ആളുമായി ചേര്‍ന്ന് 2014 ല്‍ 20 ലക്ഷം രൂപ മുടക്കി സാനിട്ടറി ആന്‍ഡ് പ്ലംബിംഗ് മെറ്റീരിയല്‍സിന്റെ ഒരു ഷോപ്പ് തുടങ്ങിയിരുന്നു. ഇതിലേക്കായി തിരുവനന്തപുരം ആന്ധ്രാ ബാങ്കില്‍ നിന്നും വായ്പ എടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബിസിനസ് നഷ്ടത്തിലാകുകുയം ബാങ്ക് വായ്പയില്‍ 28 ലക്ഷം രൂപയുടെ കുടിശിക വരുകയും തുടര്‍ന്ന് വാമനപുരം സ്വദേശി മുരുകേശന് പിള്ളയുടെ 12 സെന്റ് വസ്തു വിലയ്ക്കു വാങ്ങാം എന്നു പറഞ്ഞ് ആധാരം കൈക്കലാക്കി കബളിപ്പിച്ച് ആധാരം പണയപ്പെടുത്തി പ്രതി ബാങ്കില്‍ നിന്നും ലോണെടുത്തും കുടിശിക വരുത്തിയിട്ടു|്. ഗോകുലം മെഡിക്കല്‍ കോളജിനു സമീപത്തുള്ള തുളസീധരന്‍ പിള്ള എന്നയാളിന്റെ വസ്തുവിന്റെ പ്രമാണവും ഇപ്രകാരം കബളിപ്പിച്ച് കൈക്കലാക്കി 50 ലക്ഷം രൂപയുടെ ലോണിനായി പ്രതി ശ്രമിച്ചിരുന്നു.
എന്നാല്‍ ലോണ്‍ തരപ്പെടാതെ വന്നപ്പോള്‍ മുരുകേശന് പിള്ളയില്‍ നിന്നും വിലയ്ക്കു വാങ്ങാം എന്നേറ്റ വസ്തുവിനു നിശ്ചയിച്ച രീതിയില്‍ പണം കൊടുക്കാന്‍ സാധിക്കാതെ വന്നതാണ് പ്രതിയെ ബാങ്ക് കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്.ഈ കേസിന്റെ അന്വേഷണത്തിനു നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയുകയായിരുന്നു. വെഞ്ഞാറമൂട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലേയും ബാങ്കുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വെഞ്ഞാറമൂടും പരിസര പ്രദേശങ്ങളിലുമുള്ള 200 ല്‍ പരം പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി അജിത് കുമാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍, വെഞ്ഞാറമൂട് സിഐ ആര്. വിജയന്, പോത്തന്‍കോട് സിഐ എസ്. ഷാജി, നെടുമങ്ങാട് സിഐ അനില്‍കുമാര്‍, വെഞ്ഞാറമൂട് എസ്ഐമാരായ ഗോപന്, രവീന്ദ്രന്, എഎസ്ഐമാരായ സുരേഷ്, രാജേന്ദ്രന്, എസ്സിപിഒമാരായ സന്തോഷ്, രൂപേഷ് രാജ്, ഷുഹൈബ്, അനീഷ് ഷാഡോ ടീം അംഗങ്ങളായ എസ്ഐ സിജു, കെ.എല്‍. നായര്‍, എസ്സിപിഒമാരായ ഫിറോസ്, ദിലീപ്, ബിജു, ബിജു ഹക്ക്, റിയാസ്, ജ്യോതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.