ബാലറ്റില്‍ പേരുമാറിയെന്ന് യു.സി. രാമന്റെ പരാതി; എതിര്‍സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്ന ചിത്രം ബാലറ്റില്‍ അച്ചടിച്ചെന്നും പരാതി

ucകോഴിക്കോട്: ബാലുശേരി നിയോജ—ക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി യു.സി. രാമന്റെ പേര് ബാലറ്റ് പേപ്പറില്‍ തെറ്റായി അച്ചടിച്ചെന്നു പരാതി. യു.സി. രാമന്‍ എന്ന പേരാണ് നാമനിര്‍ദേശപത്രികയില്‍ ചേര്‍ത്തിരുന്നതെങ്കിലും ബാലറ്റില്‍ യു.സി. രാമന്‍ പടനിലം എന്നാണ് പ്രിന്റ് ചെയ്തുവന്നത്. എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്ന ചിത്രം ബാലറ്റില്‍ അച്ചടിച്ചെന്നും പരാതിയുണ്ട്. പോസ്റ്റല്‍ബാലറ്റ് വിതരണത്തിനു മുന്നോടിയായുള്ള  പരിശോധനാ നടപടികള്‍ക്കിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ഥി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കു പരാതി നല്കിയിട്ടുണ്ട്.

മുമ്പ് മൂന്നു തവണ കുന്നമംഗലത്തു മത്സരിച്ചയാളാണ് യു.സി. രാമന്‍. മൂന്നു തവണയും ഇതേ പേരിലാണ് മത്സരിച്ചിരുന്നത്. ഇത്തവണയും ബാലറ്റില്‍ ചേര്‍ക്കേണ്ട പേരു സംബന്ധിച്ച കോളത്തില്‍ യു.സി. രാമന്‍ എന്നാണ് നല്കിയിരുന്നത്. പേര് മാറാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും തിരുത്താനാവശ്യമായ നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം രാഷ്്്ട്രദീപികയോടു പറഞ്ഞു.

ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ ചിരിക്കുന്ന ചിത്രം പാടില്ലെന്നു നിര്‍ദേശിച്ചിരുന്നു. നേരത്തെ ഇത്തരത്തില്‍ ഫോട്ടോ നല്കിയ മണ്ഡലത്തിലെ  സ്ഥാനാര്‍ഥികളെല്ലാം ഇതു മാറ്റി നല്കുകയാണുണ്ടായത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ചിത്രം ബാലറ്റില്‍ ഉള്‍പ്പെടുത്തിയത് അന്വേഷിക്കണമെന്നും യു.സി. രാമന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സെറ്റു ചെയ്യുന്നത് ഇന്നാണ്. ഇതിനിടെയാണ് ബാലറ്റിലെ പിശകു സംബന്ധിച്ച പരാതി ഉയര്‍ന്നിട്ടുള്ളത്.

Related posts