ബാഴ്‌സലോണ: മോണ്ടി കാര്‍ലോയ്ക്കു പുറമേ ബാഴ്‌സലോണയിലും നദാല്‍തന്നെ ചാമ്പ്യന്‍. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ കെയി നിഷികോരിയെ 6-4, 7-5നു മറികടന്നാണ് കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ വീണ്ടും മിന്നിത്തിളങ്ങിയത്. ശക്തമായ പോരാട്ടമാണ് നിഷികോരിയില്‍നിന്നും ഉണ്ടായത്. ആദ്യസെറ്റ് കാര്യമായ വെല്ലുവിളികളില്ലാതെ നേടിയ നദാലിനു രണ്ടാം സെറ്റ് ജയിക്കാന്‍ മികച്ച പോരാട്ടം നടത്തേണ്ടിവന്നു.
കളിമണ്‍ കോര്‍ട്ടിലെ—49-ാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. ഇതോടെ കളിമണ്‍ കോര്‍ട്ടിലെ കിരീട വിജയങ്ങളുടെ റിക്കാര്‍ഡില്‍ ഗില്ലെര്‍മോ വിലാസിന്റെ ഒപ്പമെത്താനും സ്പാനിഷ് താരത്തിനായി. അടുത്ത മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടമാണ് ഇനി നദാലിന്റെ ലക്ഷ്യം. ദീര്‍ഘകാലം പരിക്കും ഫോമില്ലായ്മയും അലട്ടിയിരുന്നനദാല്‍ ഒരു ഘട്ടത്തില്‍ റോജര്‍ ഫെഡററെ മറികടന്ന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം കിരിടീം നേടുമെന്ന പ്രതീതി വരെയുളവാക്കി. എന്നാല്‍, പരിക്ക് നദാലിനെ പിന്നിലാക്കുകയായിരുന്നു. നിരവധി ടൂര്‍ണമെന്റുകളില്‍ അദ്ദേഹം വളരെ ദയനീയമായി തോറ്റു. വലിയ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന നദാലിന് ഈ കിരീടനേട്ടങ്ങള്‍ ആത്മവിശ്വാസം പകരും.