ബിനീഷ് നായകനാകുന്നു

bineshവിജയ് നായകനായ തെരിയില്‍ മലയാളി വില്ലനായി തിളങ്ങിയ തോപ്പുംപടിക്കാരനായ ബിനീഷ് ബാസ്റ്റിന്‍ മലയാളത്തില്‍ നായകനാകുന്നു. ഒരു മഹാസംഭവം എന്ന  ചിത്രത്തിലൂടെയാണ് ബിനീഷിന്റെ നായകനായുള്ള അരങ്ങേറ്റം. വണ്‍ മിസ്‌കോള്‍, ലാസ്റ്റ് ബസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീജിത്ത് മഹാദേവനാണ് ഒരു മഹാസംഭവം സംവിധാനം ചെയ്യുന്നത്. അസീസ്, അലി റഹ്മാന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മധു, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, കല്യാണി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.

തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയി ല്‍ പി.സി.ജോര്‍ജ് എംഎല്‍എ പി.സി. ജോര്‍ജായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വാസു എന്ന കഥാപാത്രത്തെയാണ് ഹ്യൂമറിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബിനീഷ് അവതരിപ്പിക്കുന്നത്.

വിജയ് അവതരിപ്പിക്കുന്ന ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന്റെ കേരളത്തിലുള്ള രംഗങ്ങളിലെ പ്രേം എന്ന മലയാളിയായ വില്ലനായാണ് ബിനീഷ് തെരിയില്‍ അഭിനയിച്ചത്. 2005ല്‍ മിസ്റ്റര്‍ എറണാകുളം ആകുന്നവര്‍ക്ക് റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയരംഗത്തേക്ക് ബാസ്റ്റിന്റെ ആദ്യ ചുവടുവയ്പ്.

ചെറിയ ഗുണ്ടയായി പാണ്ടിപ്പടയിലൂടെ വെള്ളിത്തിരയിലെത്തിയ ബിനീഷ് ബാസ്റ്റിന്‍ പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍തമ്പി, എയ്ഞ്ചല്‍ ജോണ്‍, ഹോളിവുഡ് ചിത്രമായ ഡാം 999, പാവാട, ആക്്ഷന്‍ ഹീറോ ബിജു തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ ഗുണ്ടയായി അഭിനയിച്ചു.പിന്നീടാണ് തെരിയിലെത്തിയത്. ഉടന്‍ തിയറ്ററിലെത്തുന്ന ദം എന്ന ചിത്രത്തിലും ബിനീഷ് സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. തെരി എന്ന സിനിമയാണു തനിക്കു ഭാഗ്യം കൊണ്ടുവന്നതെന്നു ബിനീഷ് പറയുന്നു. പത്തു വര്‍ഷത്തിലേറെയായി നടത്തുന്ന കഷ്ടപ്പാടിനു ഫലം കണ്ടതിപ്പോഴാണെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

-പ്രദീപ് ഗോപി

Related posts