റെനീഷ് മാത്യു
ചെറിയ ഗുണ്ടയായി വെള്ളിത്തിരയില്‍ ജീവിതം തുടങ്ങിയ എറണാകുളം തോപ്പുംപടികാരന്‍ ബിനീഷ് ബാസ്റ്റിന്‍ വലിയ ഗുണ്ടയായി വെള്ളിത്തിരയിലേക്ക്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന തമിഴ് സൂപ്പര്‍താരം വിജയ് നായകനായ തെറിയിലെ വില്ലന്‍വേഷം ബിനീഷ് ആണ് ചെയ്യുന്നത്. വിജയ് അവതരിപ്പിക്കുന്ന ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന്റെ കേരളത്തിലുള്ള സീനിലെ വില്ലനായിട്ടാണ് അഭിനയിക്കുന്നത്. ടൈല്‍സ് നിര്‍മാണ തൊഴിലാളിയായ ബാസ്റ്റിന്‍ 19-ാം വയസിലാണ് അഭിനയ രംഗത്തേക്ക് വന്നത്.
ബോഡി ബില്‍ഡിംഗിന് പോയപ്പോള്‍ സമ്മാനമായി ലഭിച്ചതാണ് ബിനീഷിന് സിനിമ. 2005ല്‍ മിസ്റ്റര്‍ എറണാകുളം ആകുന്നവര്‍ക്ക് റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് ബാസ്റ്റിന്റെ കടന്നുവരവ്. ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടര്‍ന്ന് പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍തമ്പി, എയ്ഞ്ചല്‍ ജോണ്‍, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളില്‍ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിന്‍ അഭിനയിച്ചിരുന്നത്. പൃഥിരാജ് നായകനായ പാവാട മുതല്‍ അറിയപ്പെടുന്ന വേഷങ്ങളില്‍ ബിനീഷ് അഭിനയിക്കാന്‍ തുടങ്ങി. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തെറിയിലേക്ക്…
തെറിയില്‍ ഒരു മലയാളി വില്ലനെ സംവിധായകന്‍ ആറ്റ്‌ലി തേടുന്നുണ്ടായിരുന്നു. ഒട്ടേറെപേരുടെ ഫോട്ടോകള്‍ കണ്ടെങ്കിലും പറ്റിയ ആളെ കണ്ടില്ല. ചെന്നൈയിലെ സ്ക്രീന്‍ ടച്ച് എന്ന ഏജന്‍സിവഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബാസ്റ്റിനെ വില്ലനാകാന്‍ സിനിമയിലേക്ക് വിളിച്ചത്. മോഹനന്‍ലാലിനൊപ്പം അഭിനയിച്ച എയ്ഞ്ചല്‍ ജോണിന്റെയും കാട്ടുമാക്കാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയും കണ്ട് സംവിധായകന്‍ വില്ലനായി നിശ്ചയിക്കുകയായിരുന്നു. ഇളയദളപതി വിജയിനോടൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണെന്ന് ബാസ്റ്റിന്‍ പറയുന്നു.
തമിഴില്‍ കാഞ്ചന രണ്ടാംഭാഗത്തിനു ശേഷം ലോറന്‍സ് സംവിധാനം ചെയ്യുന്ന കലാഭൈരവനില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ബാസ്റ്റിന്‍. കൂടാതെ നിരവധി മലയാള ചിത്രങ്ങളും ബാസ്റ്റിനെ തേടിയെത്തിയിട്ടുണ്ട്. പരേതനായ സെബാസ്റ്റ്യന്‍-ചിന്നമ്മ ദമ്പതികളുടെ മകനായ ബാസ്റ്റിന്റെ സഹോദരങ്ങള്‍ ജോസഫ് സ്റ്റാന്‍ലി, രാജേഷ്, രാജിനി എന്നിവരാണ്.