വടക്കഞ്ചേരി: ബീവറേജസ് വിദേശമദ്യ വില്‍പനശാലയിലുണ്ടായ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണല്‍ ടീമാണെന്ന് വ്യക്തമായി. ആസൂത്രിതവും വിദഗ്ധവുമായ കവര്‍ച്ചയാണ് നടന്നിട്ടുള്ളതെന്ന് കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന സിഐ സി.ആര്.സന്തോഷ് പറഞ്ഞു.മദ്യശാല ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ ബീവറേജസ് അധികൃതരും ഇതിന്റെ സുരക്ഷിതത്വത്തിനു മതിയായ പ്രാധാന്യം എടുത്തിരുന്നില്ല. ഈ അലംഭാവം കവര്ച്ചാസംഘത്തിനും തുണയായി. നാലു ടീമായാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂര്‍, ചെര്‍പ്പുളശേരി, ആലത്തൂര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കമ്പ്യൂട്ടര്‍ സംവിധാനത്തിനായും ഒരു ടീം പ്രവര്‍ത്തിക്കുന്നതായി സിഐ പറഞ്ഞു. ബീവറേജസിന്റെ മദ്യവില്പനശാലകളില് മാത്രം കവര്‍ച്ച നടത്തുന്ന ടീമുകളുണ്ട്. ഇത്തരം ടീമുകളെ നിരീക്ഷിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബീവറേജസിന്റെ ആലത്തൂരിലുള്ള ഔട്ട്ലെറ്റിലാണ് നിരവധിതവണ കവര്‍ച്ച നടന്നിട്ടുള്ളത്. ജനല്‍ക്കമ്പി മുറിച്ചും ചുമര്തുരന്നുമായിരുന്നു കവര്‍ച്ച.മദ്യശാലയില്‍ പണം സൂക്ഷിക്കുന്ന ദിവസങ്ങളിലായിരുന്നു മോഷണം നടന്നത്. കവര്‍ച്ചാശ്രമത്തിനിടെ 2010 ഒക്ടോബറില്‍ ആലത്തൂരിലെ മദ്യശാലയില്‍ തീപിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
വടക്കഞ്ചേരിയിലെ മദ്യശാലയിലും കഴിഞ്ഞ സെപ്റ്റംബര്‍ 12നു കവര്‍ച്ച നടന്നിരുന്നു. തുടര്‍ന്ന് ഒരുമാസംമുമ്പും ഇവിടെ കവര്‍ച്ചാശ്രമമുണ്ടായി. ഉള്ളിലെ കോണിപടിക്കു മുകളിലെ ജനല്പിഴുതു മാറ്റാന്‍ ശ്രമിച്ചായിരുന്നു കവര്‍ച്ച. എന്നാല്‍ അന്നു ശ്രമം വിജയിച്ചില്ല. പിന്നീട് ജനല്‍കമ്പി ബെല്‍റ്റിട്ട് ഉറപ്പിക്കുകയായിരുന്നു.ലോക്കറില്‍നിന്നും 52 ലക്ഷം രൂപ മോഷ്ടിച്ചതിനൊപ്പം 35,000 രൂപയുടെ മദ്യവും മോഷ്ടിച്ചിട്ടുണ്ടെന്ന കണ്ടെത്തല്‍ പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അരകോടിയില്പരം രൂപയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദഗ്ധരായ കവര്‍ച്ചാസംഘം വിലകുറഞ്ഞ മദ്യകെയ്സുകളും ഒപ്പം എടുക്കുമെന്ന് ചിന്തിക്കാനാകില്ല. പണത്തിനൊപ്പം മദ്യവും മോഷ്ടിച്ചിട്ടുണ്ടെന്നതില് പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.