ഹൈദരാബാദ്: തെലുങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലീസ് കണക്കില്‍പ്പെടാത്ത 18 ലക്ഷം രൂപ റെയ്ഡിനിടെ പിടിച്ചെടുത്തു.
ദുബ്ബക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രഘുനന്ദന് റാറുവിന്റെ ബന്ധുവിന്റെ വീട്ടിലാണ് പരിശോധന നടന്നത്.
പോലീസ് പണം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയായ രഘുനന്ദന് റാവു സംഭവസ്ഥലത്തെത്തി. നിരവധി ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പണം സൂക്ഷിച്ച ബാഗ് പോലീസിന്റെ കയ്യില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തട്ടിയെടുത്ത പണവുമായി മുങ്ങിയ പ്രവര്‍ത്തകരെ കണ്ടെത്താനായില്ല.
പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതിനെ തുടര്‍ന്ന് ദുബ്ബകയിലേക്ക് യാത്രതിരിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച പണമാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
റെയ്ഡിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പണം കണ്ടെടുത്തതും ബിജെപി പ്രവര്‍ത്തകര്‍ ഇത് തട്ടിയെടുത്തതും ദൃശ്യങ്ങളിലുണ്ട്.
200ഓളം പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകരാണ് പോലീസിനെ തടയാന്‍ എത്തിയതെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പോലീസാണ് പണം വീട്ടില്‍ ഒളിപ്പിച്ചുവെച്ചതെന്ന് രഘുനന്ദന് റാവു ആരോപിച്ചു.
സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രിയും സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.