ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് കൈയടക്കി തെരുവുനായ്കൂട്ടം. ഭയന്ന് സഞ്ചാരികള്‍. ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ബ്ലാങ്ങാട് കടപ്പുറത്ത് അലഞ്ഞുനടക്കുന്നത് നൂറുകണക്കിന് നായ്ക്കള്‍. കടല്സന്ദര്ശനത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, കടല്‍ തൊഴിലാളികള്‍ക്കും കടപ്പുറത്ത് ഓടാന്‍ എത്തുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളേയും രാവിലെ വ്യായാമത്തിന് ഓടാന്‍ എത്തുന്നവരേയും നായക്കൂട്ടം ആക്രമിക്കുകയാണ്. കടലോരത്തെ കാട്ടുചെടികള്‍ക്കിടയിലും കടപ്പുറത്ത് കയറ്റിവച്ചിരിക്കുന്ന വഞ്ചികള്ക്കിടയിലും വിശ്രമിക്കുന്ന നായ്ക്കല്‍ എപ്പോഴാണ് ആക്രമിക്കുകയെന്ന് അറിയില്ല. ചെറുമീനുകളും വലിയ മീനുകളുടെ അവശിഷ്ടവും കഴിച്ച് തടിച്ച് കൊഴുത്തിരിക്കുന്ന നായക്കള് പലതവണ ആക്രമകാരികളായിട്ടുണ്ട്. മീന്‍ കിട്ടാതെ വരുമ്പോഴാണ് ഇവ മനുഷ്യരുടെ നേരെ തിരിയുന്നത്.
കടപ്പുറത്ത് വാടക ഷെഡുകളില്‍ താമസിച്ച് കടലില്‍ പോകുന്ന അയല്ജില്ലകാരും അന്യസംസ്ഥാനകാരുമായ തൊഴിലാകളുടെ വാസസ്ഥലത്തുനിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടം കിട്ടും. ഇതിനുപുറമേ കോഴിമാലിന്യം ഉള്‍പ്പെടെ കടപ്പുറത്ത് ഉപേക്ഷിക്കുന്നവയും കടിച്ച്വലിച്ച് തിന്ന് തീരത്ത് വിഹരിക്കുന്ന ശ്വാനമാര്‍ ഇപ്പോള്‍ വലിയ ഭീഷണിയാണ്. പലയിടത്തായി കിടക്കുന്ന കടലോരനായ്ക്കള് ഒറ്റയ്ക്ക് കിട്ടുന്നവരെ കൂട്ടമായാണ് ആക്രമിക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ആനക്കോട്ട, പാലയൂര്‍ സെന്റ് തോമസ് തീര്‍ഥകേന്ദ്രം എന്നിവിടങ്ങളില്‍ എത്തുന്ന തീര്‍ഥാടന -വിനോദ സഞ്ചാരികല് ബ്ലാങ്ങാട് കടപ്പുറം കൂടി സന്ദര്‍ശിക്കും. കടപ്പുറത്ത് പാര്‍ക്ക് തുറന്നതോടെ അസ്തമയ സമയത്ത് കടപ്പുറത്ത് വലിയ തിരക്കാണ്. ആഘോഷവേളകളിലും അവധിദിവസങ്ങളിലും വന്‍തിരക്കാണ്.
കടപ്പുറത്ത് എത്തുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തി കടപ്പുറത്തും പരിസരങ്ങളിലും അലഞ്ഞുനടക്കുന്ന നായ്ക്കളുടെ വര്‍ധനവില്‍ തീരവാസികള്‍ ആശങ്കയിലാണ്. സംസ്ഥാനത്തിന്റെയും ജില്ലയുടെയും വിവിധ പ്രദേശങ്ങളില്‍ നിത്യേനെ നടക്കുന്ന ശൗരന്മാരുടെ ആക്രമണവിവരം ഭയപ്പാടോടെയാണ് തീപ്രദേശത്തുകാര് കേള്‍ക്കുന്നത്. ദുരന്തത്തിന് ഇട നല്‍കാതെ നായ്ക്കളുടെ ആക്രമണത്തില്‍നിന്നും രക്ഷ നേടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഇവയെ നിയന്ത്രിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
ചാവക്കാട് ടൗണില്‍ ചേറ്റുവ റോഡിലുള്ള അറവുശാലയും ഇവിടത്തെ മത്സ്യചില്ലറ വില്‍പ്പനയും ഉള്ളതുകൊണ്ട് ടൗണിലും നായ്ക്കല്‍ ധാരാളമാണ്. രാത്രിയായാല്‍ കൂട്ടത്തോടെ ഇവ ടൗണിലേക്ക് ഇറങ്ങും. തീരപ്രദേശത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലും രാമച്ചക്കാടുകള്ക്കിടയിലും നായ്ക്കള്‍ക്ക് പുറമേ കുറുക്കന്മാരും താവളമാക്കിയിട്ടുണ്ട്. ഉള്‍നാടുകളിലും നായശല്യത്തിന് കുറവില്ല.