കണ്ണൂര്‍: ബൈക്കിലെത്തി മാല കവരുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. എടക്കാട് നടാല്‍ വായനശാലയ്ക്ക് സമീപം ബ്ലോക്ക് ഓഫീസ് റോഡിലെ റനീഷാസില്‍ എ.സി.റംഷീര്‍ (32), കക്കാട് സാധുബീഡി കമ്പനിക്ക് സമീപം താമസിക്കുന്ന ചാലാട് മുള്ളങ്കണ്ടി പാലം സീഷോര്‍ റോഡിലെ ബേബി ക്വാര്‍ട്ടേഴ്‌സില്‍ എം.മുഹമ്മദ് വാസിം (29) എന്നിവരെയാണ് ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ടൗണ്‍, ചെട്ടിപ്പീടിക എന്നിവിടങ്ങളില്‍ വച്ച് നടന്നുപോകുകയായിരുന്ന സ്ത്രീകളുടെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്.
2014 ജൂണ്‍ 30ന് ചെട്ടിപ്പീടികയില്‍ അരയാങ്ങണ്ടി വീട്ടില്‍ രമാവതിയുടെ മൂന്നരപവന്‍, അതേവര്‍ഷം തന്നെ എടക്കാട് കാടാച്ചിറ സ്കൂളിന് സമീപംവച്ച് ഒരു സ്ത്രീയുടെ രണ്ടരപവന്‍, 2014 മേയ് 12ന് ചക്കരക്കല്‍ സ്വദേശിനി ശാന്തയുടെ രണ്ട് പവന്‍ മാല, അതേമാസം ന്യൂമാഹി പെരിങ്ങാടി ഗേറ്റിന് സമീപംവച്ച് ഒരു സ്ത്രീയുടെ സ്വര്‍ണമാല എന്നിവ കവര്‍ന്നത് ഇരുവരും മറ്റൊരാളും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. ചെട്ടിപ്പീടികയില്‍ വച്ച് വാസിം തനിച്ചും കവര്‍ച്ച നടത്തിയിട്ടുണ്ട്.
റംഷീറിനെതിരേ എടക്കാട്, ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ സമാനമായ ഏഴ് കേസുകള്‍ നിലവിലുണ്ട്. റംഷീര്‍ തനിച്ചുപോയി മോഷണം നടത്തിയ കേസുകളുമുണ്ട്. വാസിം അല്ലാതെ മറ്റൊരാളുടെ കൂടെയും റംഷീര്‍ മോഷണത്തിനിറങ്ങാറുണ്ട്. ഇയാള്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ രാജീവന്‍, യോഗേഷ്, അനീഷ്, മഹിജന്‍, അജിത്ത്, മഹേഷ്, മിഥുന്‍ എന്നിവരുമുണ്ടായിരുന്നു.