ലണ്ടന്‍: കുടിയേറ്റത്തിനുനേരെ മുഖംതിരിച്ചുനിന്ന് ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുപോയ ബ്രിട്ടന്‍ പുതിയ വീസ നിയമം പ്രഖ്യാപിച്ചു. യൂറോപ്പിനു പുറത്തുള്ളവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കുന്നതാണ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ട പുതിയ വീസ നിയമം. ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്കാണ് ഇതുമൂലം ഏറ്റവും തിരിച്ചടി നേരിടുക എന്നാണ് വിലയിരുത്തല്‍.
നവംബര്‍ 24നുശേഷം ടയര്‍ 2 ഇന്‍ട്രാ–കംപനി ട്രാന്‍സ്ഫര്‍ (ഐസിടി) വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയര്‍ത്തി. നേരത്തേ ഇത് 20,800 പൗണ്ട് ആയിരുന്നു. ഐസിടി മാര്‍ഗം ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ ആയിരുന്നു. ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥരില്‍ ബ്രിട്ടനിലുള്ളവരില്‍ 90 ശതമാനവും ഐസിടി വീസയിലൂടെയാണ് എത്തിയത്.
ഇന്നലെയാണ് യുകെ ആഭ്യന്തര വകുപ്പ് പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചത്. ദ്വിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയില്‍ എത്താനിരിക്കേയാണ് പുതിയ നിയമം എന്നതും ശ്രദ്ധേയം.