കോയമ്പത്തൂര്‍: ഭക്ഷണം തേടിയെത്തിയ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞു. പുള്ളിമാനും ഷോക്കേറ്റു ചത്തു. മേട്ടുപ്പാളയം- ഊട്ടി മെയിന്‍ റോഡില്‍ തെങ്ങ്, കവുങ്ങ്, തോട്ടങ്ങളില്‍ വന്യജീവി ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി തോട്ടങ്ങള്‍ക്കു ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ട് തെങ്ങുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതികമ്പിയും പൊട്ടിവീണിരുന്നു. കല്ലാര്‍ വനപ്രദേശത്തുനിന്നും ഭക്ഷണവും വെള്ളവും തേടിയെത്തിയ കാട്ടാന, പുള്ളിമാന്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ തോട്ടങ്ങളില്‍ പ്രവേശിക്കുന്നത് സാധാരണമാണ്.
ഇത്തരത്തില്‍ ഭക്ഷണം തേടിയെത്തിയ കാട്ടാന കൂട്ടത്തില്‍ ഒന്നിന് മുറിഞ്ഞുവീണ വൈദ്യുതികമ്പിയില്‍ തട്ടി ഷോക്കേല്ക്കുകയായിരുന്നു. ആനക്കുട്ടത്തിനു പിന്നാലെയെത്തിയ പുള്ളിമാനും ഇതേ കമ്പിയില്‍തട്ടി ഷോക്കേല്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈദ്യുതി ജീവനക്കാര്‍ക്ക് വിവരം നല്കി കണക്്ഷന്‍ ഓഫ് ചെയ്തശേഷം പുളളിമാനെയും ആനയേയും പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി തോട്ടത്തില്‍ തന്നെ സംസ്കരിച്ചു.