ഭാഗ്യം ഒരു ലോറിയല്ലേ കത്തിയുള്ളൂ! ബിയര്‍ ലോറിക്കു തീപിടിച്ചു; കത്തി നശിച്ചത് 1200 കെയ്‌സ് ബിയര്‍; തീ പിടിച്ച ലോറിക്കു സമീപം മദ്യക്കുപ്പികള്‍ നിറച്ച ലോറികളുടെ നീണ്ടനിരയും

lorryആലുവ: ആലുവയ്ക്കു സമീപം ചൂണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിയര്‍ലോറിക്കു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയായിരുന്നു സംഭവം. കോമ്പൗണ്ടില്‍ കിടന്നിരുന്ന കടലാസ് വേസ്റ്റിനു തീ പിടിക്കുകയും ലോറിയിലേക്കു തീ പടരുകയുമായിരുന്നു.

തീപിടിത്തത്തില്‍ ലോറിയുടെ കാബിനും 1200 കെയ്‌സ് ബിയറും കത്തിനശിച്ചു. ബിയറിന് ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരും. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കെഎല്‍–8 എക്‌സ് 6917 ലോറിയാണു കത്തി നശിച്ചത്. തൊട്ടുപിന്നില്‍ കിടന്നിരുന്ന ലോറിയുടെ കാബിനും തീപിടിച്ചിരുന്നു. ഈ ലോറിയിലെ 700 കെയ്‌സ് ബിയര്‍ ചൂടേറ്റതിനാല്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നു.

ലോറി ജീവനക്കാരും ഓഫീസ് ജീവനക്കാരും തൊട്ടടുത്ത പൈപ്പില്‍നിന്നു വെള്ളമെടുത്താണു തീ കെടുത്തിയത്. വിവരമറിഞ്ഞ് ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിശമനസേനയുമെത്തി. ലോറിയുടെ ഡീസല്‍ ടാങ്കിനു തീപിടിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീ പിടിച്ച ലോറിക്കു സമീപം മദ്യക്കുപ്പികള്‍ നിറച്ച ലോറികളുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു.

സാധാരണ ലോഡുമായി വന്നാല്‍ ഒരാഴ്ച കഴിഞ്ഞു ലോഡ് ഇറക്കിയശേഷമാണു ഗോഡൗണില്‍നിന്നു ലോറികള്‍ പോകാറുള്ളത്. ഇന്നലെ 30ഓളം ലോറികള്‍ സംഭവസമയം കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു.

Related posts