പിറവം: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ വെളിയനാട് തളിയിച്ചിറ പടിഞ്ഞാറേപോത്തന്കുടിയില് തങ്കപ്പന് (72) കല്ലിനിടിയേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകന് ഷിബു (38)വിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ്ചെയ്തു. മാതാവിന്റെ മുന്നില്‍വച്ചാണ് പിതാവിനെ മകന് കല്ലിനിടിച്ചു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 7.30-ഓടെ വീടിന് മുന്നിലായിരുന്നു കൊലപാതകം. മയക്കുമരുന്നിന് അടിമയായ ഷിബു മദ്യപിക്കുന്നതിനായി പിതാവിനോട് പണം ചോദിച്ച് ബഹളമുണ്ടാക്കുന്നതു പതിവായിരുന്നുവെന്നു പോലീസ് പറയുന്നു. ഇന്നലേയും സ്വത്ത് ഭാഗം വച്ച് പണം തരണമെന്നാവശ്യപ്പെട്ട് ഷിബു കയര്‍ത്തു സംസാരിക്കുകയും തങ്കപ്പനെ പിടിച്ച് തള്ളുകയുമായിരുന്നു. നിലത്തുവീണ തങ്കപ്പന്റെ തലയില്‍ കല്ലകൊണ്ട് ഇടിച്ച ശേഷം സ്ഥലം വിട്ടു. സംഭവം നടക്കുമ്പോള്‍ മാതാവ് ജാനകി വീട്ടിലുണ്ടായിരുന്നു.
ജാനകിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനടി തങ്കപ്പനെ ആരക്കുന്നം എപി വര്‍ക്കി ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി പോലീസെത്തി ഷിബുവിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയ ഷിബുവിനെ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങളൊന്നും ഷിബുവിന് ഓര്‍മയുണ്ടായിരുന്നില്ലെന്ന് പറയുന്നു. ഷിബു ജോലിക്കൊന്നും പോകാറില്ല. പിതാവ് തങ്കപ്പന് കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.