മഞ്ചേരി മെഡിക്കല്‍ കോളജിലെ ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ന്ന നിലയില്‍

kkd-quartersമഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്വാട്ടേഴ്‌സുകള്‍ തകര്‍ന്ന നിലയില്‍. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള നഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സും മറ്റ് ജീവനക്കാരുടെ ക്വാട്ടേഴ്്‌സുകളുമാണ് അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ തകര്‍ന്ന നിലയിലായത്. ഇതിനുള്ളില്‍ താമസിക്കുന്ന ജീവനക്കാര്‍ അരക്ഷിതരായാണ് കഴിയുന്നത്. പരിസരങ്ങളില്‍ കാടു മുടിയതിനാല്‍ കെട്ടിടത്തിനകത്ത് പാമ്പുകളുടെ ഭീഷണിയുമുണ്ട്.

മെഡിക്കല്‍ കോളജിലെ പേവാര്‍ഡിനോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന ഈ ചിതലരിച്ച് തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ ഇരുപത്തഞ്ചോളം നഴ്‌സുമാരാണ് താമസിക്കുന്നത്. മഞ്ചേരിയില്‍ താലൂക്ക് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അന്നത്തെ നഴ്‌സുമാര്‍ക്കുവേണ്ടി നിര്‍മിച്ചതാണ് ഈ ഓടിട്ട കെട്ടിടം.താലൂക്ക് ആശുപത്രി പിന്നീട് ജില്ലാ ആശുപത്രിയായെങ്കിലും അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിനു മാറ്റമുണ്ടായില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയപ്പോഴും ക്വാര്‍ട്ടേഴ്‌സിന്റെ പുതുക്കിപണിതില്ല. മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.

നഴ്‌സുമാരുടെയും ആശുപത്രി അധികൃതരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 2011 ല്‍ കെട്ടിട നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും കെട്ടിട നിര്‍മാണം നടന്നിട്ടില്ല.  ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ആര്‍എംഒ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും താമസ സൗകര്യം ആയിട്ടില്ല. ജീവനക്കാര്‍ക്കായി പുതിയ ഫഌറ്റ് രൂപത്തിലുള്ള കെട്ടിടം വേണമെന്ന് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടികളൊന്നുമെടുത്തിട്ടില്ല.

Related posts