മണ്ഡല മകരവിളക്ക് സീസണ്‍ : ഗുരുവായൂര്‍ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂര്‍ നേരത്തെ തുറക്കും

TCR-GURUVAYOORഗുരുവായൂര്‍: മണ്ഡല മകരവിളക്ക് സീസണില്‍ ഗുരുവായൂര്‍ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂര്‍ നേരത്തെ തുറക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ശബരിമല-ഏകാദശിക്കാലം തുടങ്ങുന്നതിന്റെ ഭാഗമായി നടന്ന മുന്നൊരുക്കയോഗത്തിലാണ് തീരുമാനം. ദേവസ്വത്തിനു പുറമെ വിവധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക വരിസംവിധനം ഏര്‍പ്പെടുത്തും. നിലവിലെ വരികോംപ്ലസിലെ ആദ്യ നാലു വരികള്‍ അയ്യപ്പ ഭക്തര്‍ക്കായി ക്രമീകരിക്കും. ഭക്തര്‍ക്ക് ചുക്കുവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ദേവസ്വം ഒരുക്കും. വാഹനത്തിരക്ക് കുറക്കുന്നതിന് ഇന്നര്‍ റിംഗ് റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. ഇന്നര്‍ റിംഗ് റോഡിന്റെ ഇടതുവശം വാഹന പാര്‍ക്കിംഗിനായി അനുവദിക്കും. പോലീസാണ് വണ്‍വേയുടേയും പാര്‍ക്കിംഗ് സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

തെക്കേനടയില്‍ പട്ടക്കുളത്തിന് സമീപം സീസണില്‍ പോലീസ് എയ്ഡ് പോസ്റ്റിന് സ്ഥലം അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സുരക്ഷക്ക് 120 സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ അടിയന്തിരമായി ടാറിംഗ് നടത്തണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ.എ.സുരേശന്‍, കെ.കുഞ്ഞുണ്ണി, പി.കെ.സുധാകരന്‍, സി.അശോകന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.സി.പി. പി.എ.ശിവദാസന്‍ പൊതുമരാമത്ത്, നഗരസഭ, വാട്ടര്‍ അഥോററ്റി, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts