മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 213-ല്‍ ചെര്‍പ്പുളശേരിയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡായ മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന് ഇനി പുതിയ മുഖച്്ഛായ വരും. സംസ്ഥാന ബജറ്റില്‍ 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എംഎല്‍എ കെ.വി.വിജയദാസിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചത്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന് 20 കിലോമീറ്റര്‍ ദൂരമുണ്ട്. റോഡിന്റെ വീതികുറവും തകര്‍ച്ചയുംമൂലം റോഡില്‍ അപകടങ്ങള്‍ പതിവാണ്. ഈ സാഹചര്യത്തില്‍ റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വല്ലപ്പോഴും ചെറിയ തുകകള്‍ നല്കി അധികൃതര്‍ തടിതപ്പുകയായിരുന്നു.
ഈ തുക ഉപയോഗിച്ച് കുന്നുകള്‍ തട്ടിനിരപ്പാക്കുക, മഴവെള്ളച്ചാല്‍ നിര്‍മിക്കുക, കള്‍വര്‍ട്ട് നിര്‍മാണം, ചെറിയ പാലങ്ങളുടെ നിര്‍മാണം, റബറൈസ്ഡ് ടാറിംഗ് എന്നിവയാണ് നടത്തുക. ദിനംപ്രതി ആയിരത്തിലധികം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നു.ഒറ്റപ്പാലം, തിരുവില്വാമല, പറളി, പത്തിരിപ്പാല, തേനൂര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി ബസുകളും ഇതുവഴി കടന്നുപോകുന്നു.
നിലവിലുള്ള റോഡിലൂടെ രണ്ടുവാഹനങ്ങള്‍ തിങ്ങിയാണ് കടന്നുപോകാന്‍. പലപ്പോഴും വാഹനങ്ങള്‍ പിറകോട്ട് എടുത്താണ് മറ്റു വാഹനങ്ങളെ കടത്തിവിടുന്നത്.വാഹനങ്ങള്‍ക്ക് ഇറങ്ങുന്നതിനു ഉപരിതലവ്യത്യാസവും പ്രശ്‌നമാകുന്നു. റബറൈസ്ഡ് ചെയ്യുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. പണി പൂര്‍ത്തിയാകുന്നതോടെ മണ്ണാര്‍ക്കാട്ടുനിന്നും കടമ്പഴിപ്പുറം, എളമ്പുലാശേരി, കാരാകുര്‍ശി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലേക്കും യാത്രാസൗകര്യം എളുപ്പമാകും.