മണ്ണെടുപ്പുകേന്ദ്രത്തില്‍ പണം കൊയ്ത് ചില രാഷ്ട്രീയപാര്‍ട്ടികള്‍ കൊഴുക്കുന്നു

KLM-MANNUADUPPUകുറവിലങ്ങാട്: പഞ്ചായത്തിലെ മണ്ണെടുപ്പ് കേന്ദ്രങ്ങളിലെത്തി പണപ്പിരിവ് നടത്തി ചില രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും കൊഴുക്കുന്നു. തോട്ടുവായ്ക്കടുത്ത് നടക്കുന്ന മണ്ണെടുപ്പ് കേന്ദ്രത്തില്‍ പ്രതിഷേധവുമായെത്തിയ രാഷ്ട്രീയനേതാക്കള്‍ മണ്ണെടുപ്പുകാരുടെ പരസ്യനിലപാടില്‍ പത്തിമടക്കി മടങ്ങേണ്ടിവന്നു. പ്രതിഷേധക്കാരുടെ യുവജനസംഘടനയുടെ പലഭാരവാഹികളുമെത്തി പണം വാങ്ങിയെന്ന് പേരെടുത്ത് പറഞ്ഞതോടെയാണ് പാര്‍ട്ടിക്ക് തലവേദനയായത്. എങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറായിട്ടില്ല. പഞ്ചായത്തിലെ മണ്ണെടുപ്പ് കേന്ദ്രങ്ങളിലെല്ലാം പണപ്പിരിവ് പ്രധാനപരിപാടിയാക്കി ചില സംഘടനകള്‍ അരങ്ങുവാഴുകയാണ്.

മണ്ണെടുപ്പ് നടത്തുന്നതിനൊപ്പം മണ്ണിട്ട് പാടം നികത്തുന്നിടത്തും ഇവരെത്തി പണപ്പിരിവ് നടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. എന്നാല്‍ അനധികൃതമായി മണ്ണെടുപ്പും പ്രവര്‍ത്തനങ്ങളും നടത്തുന്നവരില്‍ നിന്നാണ് പണപ്പിരിവെന്നതിനാല്‍ പരസ്യമായി പുറത്തറിഞ്ഞാലും ആരും ഇടപെടാറില്ല. ഇതിലുപരി ഇതേ മണ്ണ് മാഫിയ വീണ്ടും ഇതേ പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങളുമായെത്തുന്നുവെന്നതിനാല്‍ ആരേയും പിണക്കാത്ത നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. തോട്ടുവായിലെ മണ്ണെടുപ്പ് കേന്ദ്രത്തില്‍ ആരെത്തിയാലും പണം നല്‍കി സ്വാധീനിക്കാനാണ് ശ്രമങ്ങളെന്നതാണ് സ്ഥിതി. ഇത് കൂടുതല്‍ സംശയത്തിന് ഇടനല്‍കുന്നുണ്ട്. മണ്ണെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള റോഡ് തകരുമെന്ന് പ്രതിഷേധസ്വരം ഉയര്‍ന്ന ഉടന്‍ റോഡ് തകര്‍ന്നാല്‍ നന്നാക്കാനെന്ന പേരില്‍ ഒന്നരലക്ഷം രൂപയാണ് ബാങ്ക് അക്കൗണ്ടില്‍ തദ്ദേശവാസികളുടെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ റോഡ് വികസനത്തിന് മണ്ണ് ആവശ്യമുണ്ടെന്ന പേരിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നത്. മതിയായ അനുമതി പത്രമുണ്ടെന്നും മണ്ണെടുപ്പുകാര്‍ പറയുന്നു. എന്നാല്‍ സ്ഥലത്തെത്തുന്നവര്‍ക്കെല്ലാം പണം നല്‍കി സ്വാധീനിക്കുന്നതെന്തെന്ന സംശയം ബാക്കി നില്‍ക്കുകയാണ്. മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. അനുമതി ലഭിച്ചതില്‍ കൂടുതല്‍ അളവ് മണ്ണെടുക്കാനുള്ള ഗൂഡനീക്കമാണ് സംഘം നടത്തുന്നതെന്നാണ് സംസാരം. കുറവിലങ്ങാട് പഞ്ചായത്തിനൊപ്പം മരങ്ങാട്ടുപിള്ളിയിലും മണ്ണെടുപ്പ് വ്യാപകമാണ്. ഇവിടെ ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒന്നിലധികം കമ്മിറ്റികളില്‍ നിന്നെത്തി പണപ്പിരിവ് നടത്തിയത് ഉന്നത നേതൃത്വത്തിലും തലവേദനയായി.

മണ്ണെടുപ്പ് നടത്തിയവര്‍ പ്രാദേശിക നേതാക്കളുടെ പിരിവിനെതിരെ ഉന്നത നേതാക്കളെ സമീപിച്ചതും മരങ്ങാട്ടുപിള്ളിയിലെ കഥയാണ്. ചില കേന്ദ്രങ്ങളില്‍ പോലീസിന്റെ ഒത്താശയും മണ്ണെടുപ്പ് വ്യാപകമാകാന്‍ കാരണമാകുന്നുണ്ട്. അതാത് സ്റ്റേഷനുകളില്‍ നിന്ന് കടുത്ത സമീപനമെത്തിയാല്‍ ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും പരാതികള്‍ ശക്തമാണ്. മരങ്ങാട്ടുപിള്ളി സ്റ്റേഷനില്‍ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോലീസ് പുറപ്പെട്ട ഉടന്‍ മണ്ണുമാന്തിയൊഴികെയുള്ള എല്ലാം കേന്ദ്രത്തില്‍ നിന്ന് മാറ്റിയ സംഭവം ഏറെ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. സേനയില്‍ നിന്നുതന്നെ വിവരങ്ങള്‍ ചോരുന്നുവെന്നതിന് തെളിവായി ഈ സംഭവം ചൂണ്ടിക്കാണക്കിപ്പെടുന്നുണ്ട്.

Related posts