മതിയായ രേഖകളില്ലാതെ എത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

KLM-BOATചവറ: മതിയായ രേഖകളോ അനുമതിയോ കൂടാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ട വിദേശിയുടെ പേരിലുള്ള ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറ് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെയും കോസ്റ്റല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഒമാന്‍ സ്വദേശിയായ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള അല്‍ ബഹര്‍ എന്ന ഭീമന്‍ ബോട്ടാണ് കായംകുളം ഭാഗത്ത് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്നും പിടികൂടിയത്. നങ്കൂരമിടാനാകാതെ കടലില്‍ ഒഴുകി നടന്ന ബോട്ടിനെ കുറിച്ച് മത്സ്യബന്ധന ബോട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി 8.30 ന് മറൈന്‍ അധികൃതര്‍ ബോട്ടിനരുകിലെത്തി.

തുടര്‍ന്ന് നങ്കൂരമിടാന്‍ സഹായിച്ചശേഷം തിരിച്ചു വന്ന അധികൃതര്‍ ഇന്നലെ രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടില്‍ പോയാണ് അല്‍ബഹര്‍ ബോട്ട് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ കോട്ടപ്പുറത്തെ ഇമ്മാനുവല്‍ മറൈന്‍ എഞ്ചിനിയറിംഗ് വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ബോട്ട് എഞ്ചിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതോടെയാണ് കടലില്‍ ഒഴുകി നടന്നത്.

ഒമാന്‍ സ്വദേശിയായ ഉടമയുടെ പേരിലുള്ള രജിസ്‌ട്രേഷന്‍ രേഖകളല്ലാതെ മറ്റൊന്നും ബോട്ടിലില്ലായിരുന്നു. കേരള തീരം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെങ്കില്‍ വേണ്ട ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിപത്രമോ, താല്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ, വിദേശിയുടെ ബോട്ട് മറ്റൊരു രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേണ്ട അനുമതിയോ ഇല്ലാതെ ഉടമയുടെ ലെറ്റര്‍ പാഡ് മാത്രം വെച്ചാണ് ബോട്ട് കടലിലിറങ്ങിയതെന്ന് മറൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

27 മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ ഉയരവും ഏഴര മീറ്റര്‍ വീതിയും ഉള്ള ഭീമന്‍ ബോട്ടിന് 181 ടണ്‍ ഭാരമുണ്ട്. ഒരു കോടി നാല്പത് ലക്ഷം രുപയ്ക്കാണ് ബോട്ട് നിര്‍മിച്ചത്. ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ പ്രഭാത് നസ്‌റിന്‍, ജോണ്‍ വിജന്‍, അമല്‍രാജ്, നസ്‌റിന്‍ ഭാസ്കര്‍, ജോണ്‍ ബ്രിട്ടോ എന്നിവര്‍ കോസ്റ്റല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കോസ്റ്റ് ഗാര്‍ഡ് കേസെടുത്ത ബോട്ട് കോസ്റ്റല്‍ പോലീസിന് കൈമാറി.

മറൈന്‍ എസ്‌ഐ സ്റ്റാര്‍ മോന്‍.ആര്‍.പിള്ള, കോസ്റ്റല്‍ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാര്‍, ഗ്രേഡ് എഎസ്‌ഐ അബ്ദുല്‍ നിസാര്‍, എസ്‌സിപിഒ ക്രിസ് പിന്‍, സിപിഒമാരായ സെബാസ്റ്റ്യന്‍, ബിജു, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് പിടികൂടിയത്.

Related posts