ചോറ്റാനിക്കര: ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതേതരത്വത്തിനെതിരായ ഭീഷണിയാണെന്നും നരേന്ദ്രമോദി രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന രീതിയാണ് നടപ്പാക്കുന്നതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചോറ്റാനിക്കരയില്‍ എം.എ. ജോണ്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിജെപി തുല്യ അവസരവും തുല്യനീതിയും ഉണ്ടാക്കാനല്ല പ്രവര്‍ത്തിക്കുന്നത്. ബിജെപിയാണ് മുഖ്യ ശത്രുവെന്ന് പറയുവാന്‍ സിപിഎമ്മിനാകുന്നില്ലയെന്നും അദേഹം പറഞ്ഞു.
മതേതരകക്ഷികള്‍ ഒറ്റക്കെട്ടാകേണ്ട അവസരമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പറയുന്നതല്ല ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോള്‍ ചെയ്യുന്നത്.വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത ഗവണ്മെന്റ് നന്മസ്റ്റോറുകള്‍ പൂട്ടാനാണ് ശ്രമിക്കുന്നത്. രജിസ്ട്രേഷന് ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മാവേലി സ്റ്റോറുകളില്‍ അവിശ്യസാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും അദേഹം പറഞ്ഞു.
സമ്മേളനത്തില്‍ അഡ്വ. റീസ് പുത്തന്‍വീടന്‍ അധ്യക്ഷത വഹിച്ചു. വി.ജെ. പൗലോസ്, ബെന്നി ബഹനാന്, മുന്‍മന്ത്രി കെ. ബാബു, അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ, ഷാജി ജോര്‍ജ്, ഐ.കെ. രാജു, ആശാ സനില്‍, ജയ സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.