പയ്യന്നൂര്‍: മദ്യാധികാര വാഴ്ചയ്‌ക്കെതിരേ ജനാധികാര വിപ്ലവം എന്ന മുദ്രാവാക്യവുമായി കാസര്‍ഗോഡ് നിന്നാരംഭിച്ച കേരള മദ്യനിരോധന സമിതിയുടെ ജാഗ്രതാഹ്വാനയാത്രക്ക് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്് സ്വീകരണം നല്‍കി. മദ്യനിരോധനമല്ല മദ്യത്തിനെതിരെ ബോധവത്കരണമാണ് ആവശ്യമെന്ന് പറയുന്നത് തട്ടിപ്പാണെന്ന് മദ്യനിരോധന സമിതി നേതാക്കള്‍ സ്വീകരണയോഗത്തില്‍ പറഞ്ഞു. മുന്‍ ഭരണകാലങ്ങളില്‍ എന്ത്് ബോധവത്്കരണമാണ് നടത്തിയതെന്നും അതുകൊണ്ട് എന്തുഫലമാണുണ്ടായതെന്ന് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ ഇന്നലത്തെ പര്യടനത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ പര്യടനമാണ് ഇന്ന് രാവിലെ പയ്യന്നൂരില്‍ നിന്നാരംഭിച്ചത്. പയ്യന്നൂരില്‍ നല്‍കിയ സ്വീകരണയോഗം കേരള മദ്യനിരോധന സമിതി മഹിളാ വിഭാഗം ജില്ലാ കമ്മിറ്റിയംഗം വി.എം. രമണി ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ ഫാ.വര്‍ഗീസ് മുഴുത്തേറ്റ്, എ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, രാജന്‍ കൊരങ്ങത്ത് എന്നിവര്‍ പ്രസംഗിച്ചു.