മദ്രസ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി: എട്ടുപേര്‍ക്ക് പരിക്ക്

ekm-accidentപെരുമ്പാവൂര്‍: മദ്രസ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി എഴ് വിദ്യാര്‍ഥികളുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്. ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ മുടിക്കല്‍ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോയ ഏഴു കുട്ടികള്‍ക്കും സമീപം പാര്‍ക്ക് ചെയ്തിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്. എറണാകുളത്ത് വന്ന കോട്ടപ്പടി സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ പൊതു ടാപ്പില്‍ നിന്നും വെള്ളം എടുത്തുകൊണ്ടിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയിലെ ക്ലീനറെ ഇടിച്ച് തെറിപ്പിച്ച് മദ്രസ പഠനം കഴിഞ്ഞു വന്ന കുട്ടികളെയും ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു. പരിക്കേറ്റ മുടിക്കല്‍ തേനൂര്‍ വീട്ടില്‍ അബൂബക്കറിന്‍െറ മക്കളായ അമല്‍ (11), അമാന്‍ (എട്ട്) തേനൂര്‍ മുഹമ്മദിന്റെ മകന്‍ യാസീന്‍ മുഹമ്മദ് (11), തേനൂര്‍ അലിയുടെ മകന്‍ (ആറ്), കാരോത്തുകുടി അന്‍വര്‍ സാദത്തിന്‍െറ മകള്‍ ഹഫ്‌സ (എട്ട്) മുണ്ടേത്ത് റഫീക്കിന്‍െറ മകന്‍ മുഹമ്മദ് സാബിത്ത് (ഒമ്പത്), മുണ്ടേത്ത് റജീബിന്‍െറ മകന്‍ സഹല്‍ (എട്ട്) എന്നിവരെ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോറിയിലെ ക്ലീനര്‍ കര്‍ണാട സ്വദേശി പ്രാശന്തിന്‍െറ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. ആലുവ പ്രൈവറ്റ് റോഡ് റബ്ബറൈസ്ഡ് ടാറിങ് നടത്തിയതിനുശേഷം ഇതിലെ വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. മുമ്പും ഈ ഭാഗത്ത് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്പീഡ് നിയന്ത്രണ സംവിധാനങ്ങളും കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.

Related posts