പിറവം: യുഡിഎഫ് സ്ഥാനാര്‍ഥിയായി പിറവം നിയോജകമണ്ഡലത്തില്‍ അനൂപ് ജേക്കബ് വീണ്ടും അങ്കംകുറിക്കാനുള്ള തയാറെടുപ്പില്‍. എല്‍ഡിഎഫ് ക്യാമ്പില്‍ സ്ഥാനാര്‍ഥിയാരാണെന്നുള്ളതില്‍ അനിശ്ചിതത്വം തുടരുകയാണ്.
മണ്ഡലത്തിനു പുറമേ നിന്നുള്ളവര്‍ മുതല്‍ പുതുമുഖങ്ങളുടെ പേരുകള്‍വരെ എല്‍ഡിഎഫിന്റെ പരിഗണനയിലുണ്ട്..കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ പിറവം കോണ്‍ഗ്രസിനു വിട്ടുനല്‍കണമെന്ന് പ്രാദേശികമായി ചിലര്‍ ആവശ്യപ്പെട്ടെങ്കിലും, നേതൃത്വം ഇത് അവഗണിച്ചു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം ജേക്കബ് വിഭാഗത്തിന് തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ അനൂപ് ജേക്കബ് മണ്ഡലം വച്ചു മാറാന്‍ തയാറെടുക്കുന്നതായുള്ള അഭ്യൂഹവും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറുചേരിയാണെന്നും അനൂപ് ജേക്കബായിരിക്കും സ്ഥാനാര്‍ഥിയെന്നും ജേക്കബ് വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതിനിടെ അനൂപിന്റെ മാതാവും, പാര്‍ട്ടിയുടെ വൈസ് ചെയര്‍പേഴ്‌സണുമായ ഡെയ്‌സി ജേക്കബിന്റെ പേരും ഉയര്‍ന്നെങ്കിലും ഇതും പാര്‍ട്ടി തള്ളിക്കളഞ്ഞു.
പക്ഷെ പാര്‍ട്ടിയുടെ ഒരു വിഭാഗം ഡെയ്‌സി ജേക്കബിനെ പിറവത്തല്ലെങ്കില്‍ മറ്റെവിടെയെങ്കിലും മത്സരിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ ഡെയ്‌സി ജേക്കബ് ഇതിനനുകൂലമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ സീറ്റായ പിറവത്ത് നടന്‍ ശ്രീനിവാസന്‍ മുതല്‍ എം.എം. മോനായിയുടെ വരെ പേരുകളാണ് എല്‍ഡിഎഫ് പരിഗണിക്കുന്നത്.
യുഡിഎഫ് മണ്ഡലമായ പിറവത്ത് അനൂപ് ജേക്കബിനുള്ള താരത്തിളക്കം ശ്രീനിവാസനിലൂടെ നിഷ്പ്രഭമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ശ്രീനീവാസന്‍ താമസിക്കുന്നതും പിറവത്തിന്റെ അതിര്‍ത്തിയായ മുളന്തുരുത്തി വട്ടുക്കുന്നിന് സമീപത്തുമാണ്. എന്നാല്‍ ശ്രീനിവാസന്‍ ഇതിനോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും അറിയുന്നു.
അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ മണ്ഡലത്തിലുള്ള പുതുമുഖത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ സിപിഎമ്മിന്റെ മുളന്തുരുത്തി ഏരിയ കമ്മിറ്റിയംഗമായ സി.കെ. റെജിയുടെ പേര് പ്രഥമ പരിഗണനയിലുണ്ട്.
മുന്‍ എംഎല്‍എ എം.ജെ.ജേക്കബും സജീവമായി മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് എം.എം. മോനായിയുടെ പേരും ഉയര്‍ന്നത്. എന്നാല്‍ മോനായി പിറവത്ത് മത്സരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. എം.ജെ. ജേക്കബ് ഉപതെരഞ്ഞെടുപ്പിലടക്കം രണ്ടു തവണ പരാജയപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തുവരികയാണ്. എം.ജെ. ജേക്കബിനെ ഒഴിവാക്കുകയാണെങ്കില്‍ സി.കെ. റെജിയുടെ സ്ഥാനാര്‍ഥിത്വത്തിനു വാതില്‍ തുറക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പലയിടത്തും സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ ബിജെപി ഇക്കുറി കരുത്തു തെളിയിക്കാന്‍ തയാറെടുക്കുകയാണ്. ബിജെപി ജില്ലാ സെക്രട്ടറിയായ എം.എന്‍. മധുവിന്റേയും, യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റും, ഇപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ എം.എം. ആശിഷിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.