മലമ്പുഴ: സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന മലമ്പുഴ ഉദ്യാനനഗരിയിലെ മെട്രോ കളിത്തീവണ്ടിയ്ക്ക് റെഡ് സിഗ്‌നല്‍. നാശത്തിന്റെ പാതയിലാണ് കളിതീവണ്ടി നീങ്ങുന്നത്. ഉദ്യാനത്തിനകത്ത് ജനസേചന വകുപ്പ് അരക്കോടിയോളം രൂപചിലവിട്ട് കുട്ടികള്‍ക്കായി സജ്ജമാക്കിയ മെട്രോവണ്ടി രണ്ടുമാസത്തിലധികമായി ഓട്ടം നിലച്ചിരിക്കുകയാണ്. തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്ന കളിവണ്ടിയുടെ കാര്യത്തില്‍ അധികൃതരും മൗനംപാലിക്കുകയാണ്. ഉന്തുവണ്ടിയെന്നും ഉന്തിക്കളിവണ്ടിയെന്നും പറഞ്ഞ് ഇപ്പോള്‍ ഉന്തിക്കളിച്ച് നിര്‍വൃതിയടയുകയാണ് കുട്ടികള്‍. വര്‍ഷങ്ങളോളം ഉദ്യാനത്തിനകത്തെ പാര്‍ക്കിലുണ്ടായിരുന്ന കപ്പുംസോസറിന്റെ മാതൃകയിലും മറ്റും ഇരിപ്പിടങ്ങളുള്ള തീവണ്ടി കഴിഞ്ഞ വര്‍ഷമാണ് മെട്രോ മതൃകയില്‍ കാലത്തിനനുസരിച്ച് പുതുക്കിപ്പണിതത്. എന്നാല്‍ 50 ലക്ഷത്തോളം മുടക്കി മെട്രോവണ്ടി പണിതെങ്കിലും തീവണ്ടിക്കനുസൃതമായി പാളം ഉണ്ടാക്കാതിരുന്നതാണ് മെട്രോ റെയിലിന്റെ പാളം തെറ്റിച്ചത്.
പിന്നീട് പാളംതെറ്റല്‍ പതിവായി. ഇതുമൂലം അഞ്ച് കംപാര്‍ട്ടുമെന്റുകളുള്ള മെട്രോ വണ്ടി ഓരോ ദിവസവും പാളത്തില്‍ നിന്നും ബോഗി വേര്‍പെടുന്നതുമൂലം ഓട്ടം മുടക്കേണ്ടിവന്നു. മെട്രോ വണ്ടിക്ക് ഇത്തരത്തില്‍ ഓരോ തവണ ബോഗികള്‍ വേര്‍പ്പെടുമ്പോള്‍ ഇവ ഉപേക്ഷിക്കുകയും ഒടുവില്‍ ബാക്കിയുള്ള രണ്ടു ബോഗികളുമായി കുറേ നാളുകള്‍ ഓടി. ഇതും ഇപ്പോള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച മട്ടിലാണ്. കഴിഞ്ഞമാസം നടന്ന പുഷ്പമേളയോടനുബന്ധിച്ച് നിശ്ചലമായ കളിവണ്ടിയെ പെയിന്റടിച്ചു മോടി കൂട്ടിയിരുന്നെങ്കിലും ഓടിക്കാനായില്ല.
പതിനായിരക്കണക്കിന് സന്ദര്‍ശകരെത്തിയ പുഷ്പമേളയില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ഇതോടെ നഷ്ടമായത്. ആദ്യകാലത്ത് തീവണ്ടിയുടെ ആക്‌സില്‍ ഒടിയുക പതിവായിരുന്നു. ഒന്നുരണ്ടുതവണ ഇത്തരത്തില്‍ തകരാറുസംഭവിച്ചതുമൂലം നാളുകളോളം തീവണ്ടിയുടെ ഓട്ടം നിലച്ചിരുന്നു. ഇതൊക്കെ പിന്നീട് പരിഹരിച്ച് വണ്ടിയുടെ ഓട്ടം തുടരാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മെട്രോവണ്ടി നിലവിലുള്ള പാളത്തിലൂടെ ഓടിക്കാനാവില്ലെന്ന് വിദഗ്ദര്‍ പറയുമ്പോഴും ഇത് മുഖവിലക്കെടുക്കാന്‍ സ്‌പെഷല്‍ ഓഫീസര്‍ തയ്യാറാകാത്തതാണ് ലക്ഷങ്ങള്‍ ചിലവാക്കിയ വണ്ടിയുടെ ഇന്നത്തെ ദുരവസ്ഥക്കുകാരണമത്രെ.
പഴയ വണ്ടിയുടെ പാളത്തിലൂടെതന്നെ പുതിയ മെട്രോ കളിവണ്ടി ഓടിക്കുകയായിരുന്നു. മുന്‍കാലങ്ങളിലോടിച്ചിരുന്ന പഴയ ട്രെയിനില്‍ ഓട്ടം നിലച്ചതുമൂലം നാട്ടുകാര്‍ പണ്ട് റീത്ത് വച്ച സംഭവവും നടന്നിരുന്നു. എന്നാല്‍ അതിനുശേഷം അരക്കോടി ചിലവഴിച്ച് നിര്‍മ്മിച്ച മെട്രോ വണ്ടിക്കും സന്ദര്‍ശകര്‍ താമസിയാതെ റീത്തുവെക്കുന്ന സ്ഥിതിയാണ്. ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം സാഡില്‍ഡാമും പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഗവര്‍ണര്‍ സ്ട്രീറ്റും റോക്ക് ഗാര്‍ഡന്‍സും ഹൈടെക് അക്വോറിയവുമൊക്കെയായി ഉദ്യാനറാണി മനോഹാരിത വിടര്‍ത്തുമ്പോഴാണ് കളിതീവണ്ടി ഓടാതിരിക്കുന്നത്.
പദ്ധതികളുടെ പേരില്‍ കോടികള്‍ ചിലവാക്കുന്ന അധികൃതരാവട്ടെ വണ്ടിയുടെ മുതല്‍മുടക്കിനെപ്പറ്റിയോ പാഴായിപ്പോവുന്ന വരുമാനത്തെപ്പറ്റിയോ ബോധവാന്മാരാവുന്നില്ലെന്നതാണ് സത്യം. ഇടയ്ക്കു ചൂടുകൂടിയതുമൂലം മലമ്പുഴയിലേക്കുള്ള സന്ദര്‍ശകരുടെ വരവില്‍ കാല്‍ലക്ഷത്തോളം കുറവുണ്ടായിരുന്നെങ്കിലും വേനല്‍മഴ കാര്യമായി പെയ്തതും ചൂട് കുറഞ്ഞതും മൂലം ഇപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കിയ ജലധാരകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കെടിഡിസി ചെറിയ ഡാമിലൊരുക്കിയ സ്പീഡ് ബോട്ടുകളും കുറഞ്ഞനിരക്കില്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. വരുമാനനേട്ടം കൂടിയാവേണ്ട മെട്രോ വണ്ടിയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിടരുതെന്നാണ് സന്ദര്‍ശകരുടെയും ആഗ്രഹം.