കാലടി: എറണാകുളം-അങ്കമാലി അതിരൂപതയിലെ അങ്കമാലി, മഞ്ഞപ്ര, ചേര്‍ത്തല, മൂഴിക്കുളം, വല്ലം ഫൊറോനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടനം നടത്തി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, വിവിധ ഫൊറോനകളില്‍ നിന്നായി റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസ് വല്ലയില്‍, റവ.ഡോ. പോള്‍ വി. മാടന്‍ എന്നിവര്‍ മലകയറ്റത്തിന് നേതൃത്വം നല്കി.
മലയടിവാരത്തെ മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിനുമുന്നില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ഥനയര്‍പ്പിച്ചാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. മലകയറ്റത്തിലെ 14 പീഡാനുഭവ സ്ഥലങ്ങളിലും പ്രത്യേകം പ്രാര്‍ഥനകള്‍ ചൊല്ലിയാണ് വിശ്വാസികള്‍ മലകയറിയത്. മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് വിശ്വാസികള്‍ ചുംബിച്ചു. കുരിശുമുടി സന്നിധിയില്‍ ദിവ്യബലി ഉണ്ടായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേര്‍ച്ചകഞ്ഞി വിതരണം നടന്നു. വിശുദ്ധ വാരം വരെയുളള ഞായറാഴ്ചകളില്‍ വിവിധ ഫൊറോനകളില്‍ നിന്നുളള വിശ്വാസികള്‍ കുരിശുമുടി കയറും.
13ന് എറണാകുളം, കറുകുറ്റി, പറവൂര്‍, കിഴക്കമ്പലം, തൃപ്പൂണിത്തുറ, പളളിപ്പുറം എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും. കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാള്‍ വരെ എല്ലാ ദിവസവും രാവിലെ 5.30, 6.30, 7.30, 9.30 എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും.