മലയാള സിനിമാഗാന രംഗത്ത് ഗൗരവമായ നിരൂപണം ഉണ്ടാകുന്നില്ല: റഫീക് അഹമ്മദ്

pkd-rafeekahammedപാലക്കാട്: മലയാള സിനിമാഗാന രംഗത്ത് ഗൗരവമായ വിലയിരുത്തലുകള്‍ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ റഫീക് അഹമ്മദ്. കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി എന്ന പാട്ടുകേട്ടിട്ട് ചിലര്‍, കായലരികത്താണൊ വലയെറിയുന്നത്, കായലിനു നടുവിലല്ലേ വലയെറിയേണ്ടത് എന്നരീതിയില്‍ ബാലിശമായ വിലയിരുത്തലുകളാണ് പലപ്പോഴും സിനിമാഗാനങ്ങളെക്കുറിച്ചുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ സാഹിത്യവേദിയുടെ പതിനെട്ടാമത് വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് കഥാകൃത്ത് ആര്‍.കെ.മാത്തൂരിന് സമര്‍പ്പിച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

താന്‍ വളരെ യാദൃശ്ചികമായാണ് മലയാള ചലച്ചിത്രഗാനരംഗത്ത് കടന്നുവന്നത്. ലബ്ധപ്രതിഷ്ഠരായ വയലാറിനേയും പി.ഭാസ്കരനേയുമൊക്കെ കോടാമ്പക്കം കവികള്‍ എന്ന് വിളിച്ചു പരഹസിച്ചൊരു കാലഘട്ടമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഇശലുകളെ എല്ലാ സമുദായങ്ങള്‍ക്കും ചിരപരിചിതമാക്കിയ ഒരു പാട്ടായിരുന്നു “കായലരികത്തു വലയെറിഞ്ഞപ്പോള്‍…” എന്ന നീലക്കുയിലിലെ ഗാനം. കേരളത്തിന്റെ രാഷ്ട്രീയബോധത്തെ വളര്‍ത്തുന്ന നാടകഗാനങ്ങളുടെ തുടര്‍ച്ചയായി പല ചലച്ചിത്ര ഗാനങ്ങളുമുണ്ടായി. തൊഴിലാളി വര്‍ക്ഷബോധത്തേയും അവകാശബോധത്തേയുമൊക്കെ സാധാരണ ജനങ്ങള്‍ക്കു മനസിലാകുന്ന തരത്തില്‍ സിനിമാഗാനങ്ങളിലൂടെ അവതരിപ്പിച്ചു.

നിരൂപകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രഫ. പി.എ.വാസുദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ വി.ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പതിനെട്ടാമത് പുരസ്കാരം ആര്‍.കെ. മാത്തൂര്‍ റഫീക് അഹമ്മദില്‍നിന്ന് ഏറ്റുവാങ്ങി.വി.ടി. സ്മാരക സമിതിയുടെ അധ്യക്ഷന്‍ വി.ടി. വാസുദേവന്‍ നന്ദിപറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച റഫീക് അഹമ്മദിനെ നോവലിസ്റ്റ് ബാലകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാഹിത്യവേദി കണ്‍വീനര്‍ വില്‍സന്‍ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കവി ഒഎന്‍വി കുറുപ്പ്, കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ എന്നീ എഴുത്തുകാര്‍ക്ക് യോഗം അനുശോചനം അര്‍പ്പിച്ചു. പരിപാടിക്കുശേഷം നടന്ന സംവാദത്തില്‍ മുംബൈയിലെ എഴുത്തുകാര്‍ റഫീക് അഹമ്മദുമായി സംവദിച്ചു.

Related posts