ബോളിലുഡ് താരം കൃതി സനോണും വ്യവസായിയായ കബീർ ബാഹിയയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ചു കാലങ്ങളായി. ഇപ്പോഴിതാ കബീറിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് കൃതി.
ഇൻസ്റ്റഗ്രാമിൽ കബീറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് കൃതി പിറന്നാൾ ആശംസിച്ചത്. 2024ലും കബീറിന് പിറന്നാൾ ആശംസയുമായി കൃതി ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇരുവരും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തയിടെ ടൂ മച്ച് എന്ന ടെലിവിഷൻ ടോക് ഷോയിൽ കൃതി അതിഥിയായി എത്തിയിരുന്നു. അരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നു കജോളും ട്വിങ്കിൾ ഖന്നയും ചോദിച്ചപ്പോൾ സിനിമയിൽനിന്നല്ല അയാൾ എന്നു മാത്രം പറയാം എന്നായിരുന്നു കൃതിയുടെ മറുപടി.
അടുത്തയിടെ അബുദാബിയിൽ നടന്ന യുഎഫ്സി 321 കാണാനും കബീർ ബാഹിയക്കൊപ്പം കൃതി എത്തിയിരുന്നു. സ്റ്റേഡിയത്തിൽവച്ചെടുത്ത ഇരുവരുടെയും ചിത്രങ്ങൾ അന്നും വൈറലായിരുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഏറ്റവും വലിയ ട്രാവൽ ഏജൻസികളിൽ ഒന്നിന്റെ ഉടമയായ കുൽവീന്ദർ ബാഹിയയുടെ മകനാണ് കബീർ.
ലണ്ടനിലെ റീജന്റ്സ് യൂണിവേഴ്സിറ്റിയിൽനിന്നു ബിസിനസ് മാനേജമെന്റ് പഠനം കബീർ പൂർത്തിയാക്കി. 2020-ൽ വേൾഡ് വൈഡ് ഏവിയേഷൻ ആൻഡ് ടൂറിസം ലിമിറ്റഡ് എന്ന പേരിൽ കന്പനിക്കു തുടക്കമിട്ടു. കബീറിന്റെ കുടുബത്തിന്റെ ഏകദേശം ആസ്തി 400 കോടിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ധനുഷിന്റെ നായികയായ തേരേ ഇഷ്ക് മേം എന്ന സിനിമയാണ് കൃതിയുടേതായി ഇനി പുറത്തുവരാനുള്ള സിനിമ. അതിന്റെ പ്രമോഷൻ തിരക്കുകളിലാണ് കൃതി ഇപ്പോൾ.

