വടക്കഞ്ചേരി: മുടപ്പല്ലൂര്‍ പന്തപറമ്പിലെ പ്ലൈവുഡ് കമ്പനിയില്‍നിന്നുള്ള മലിനജലം ഒഴുകി നെല്‍കൃഷി ഉള്‍പ്പെടെ പ്രദേശത്തെ ഇരുപത് ഏക്കറോളം വിളകള്‍ നശിച്ചു. എലക്കോട് പാടശേഖരത്തിലെ നെല്‍കൃഷിയും സമീപപറമ്പുകളിലെ തെങ്ങ് ഉള്‍പ്പെടെയുള്ള വിളകളുമാണ് നശിച്ചത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പരന്നൊഴുകി പ്രദേശത്ത് മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്. ഇവിടെത്തെ താമസക്കാരും ഏറെ ദുരിതത്തിലാണ്. എലക്കോട്, കുണ്ടുക്കാട്, പന്തപറമ്പ് തുടങ്ങിയ പ്രദേശത്തെ നാനൂറില്പരം കുടുംബങ്ങളാണ് പ്ലൈവുഡ് കമ്പനിയുടെ പ്രവര്‍ത്തനംമൂലം ബുദ്ധിമുട്ടിലായിട്ടുള്ളത്.
പ്രദേശവാസികള്‍ കുളിക്കുകയും തുണികഴുകുകയും ചെയ്യുന്ന എലക്കോടുകുളവും മലിനമാണ്. മലിനജലം കൃഷിയിടങ്ങളിലൂടെ ഒഴുകി ഈ കുളത്തിലാണ് എത്തുന്നത്.ഇതിനോടു ചേര്‍ന്നുള്ള പൊതുകിണറും ഉപയോഗശൂന്യമായി. സമീപവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണിത്. കറുത്തനിറത്തില്‍ കടുത്ത ദുര്‍ഗന്ധത്തോടെ ഒഴുകുന്ന വെള്ളം ദേഹത്തായാല് ചൊറിച്ചിലും ചൊറിയും മറ്റു ത്വക് രോഗങ്ങളും ചിലര്‍ക്ക് അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മലിനജലം ഒഴുകി എലക്കോട് മണിയെന്നയാളുടെ മാത്രം 77 തെങ്ങുകള്‍ ഉണങ്ങിനശിച്ചു. പത്തുവര്‍ഷം പ്രായമായ നിറയെ നാളികേരം ഉണ്ടായിരുന്ന തെങ്ങുകളാണ് ഉണങ്ങിയത്. പ്ലൈവുഡ് കമ്പനി കോമ്പൗണ്ടിലെ മരങ്ങളും ഇവിടത്തെ കനാല്‍ പുറമ്പോക്കിലെ തെങ്ങുകളും ഉണങ്ങിയ നിലയിലാണ്.മലിനജലംമൂലം ഇവിടത്തെ പാടത്ത് തൊഴിലെടുക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.മലിനജലം പുറത്തേക്ക് ഒഴുക്കാതെ കമ്പനി കോമ്പൗണ്ടില്‍ തന്നെ സംസ്കരിക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആരോഗ്യവകുപ്പിനും പഞ്ചായത്തിനും നിരവധിതവണ പരാതി നല്‍കിയിട്ടും കമ്പനിക്കെതിരേ നടപടിയെടുക്കാത്തതിനാല്‍ ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് ഭീമഹര്‍ജി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോഴും ആരോഗ്യവകുപ്പ് മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. നാട്ടുകാര്‍ക്ക് ദ്രോഹമായി മാറിയിട്ടുളള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്കി നാടിനെ നശിപ്പിക്കുന്നതിനു പഞ്ചായത്തും കൂട്ടുനില്‍ക്കുകയാണെന്നു പറയുന്നു.