മല്ലപ്പള്ളി: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍ലില്‍ ഓഫ് റിസോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മല്ലപ്പള്ളിയില്‍ മാമ്പഴ, ഗ്രാമീണ കാര്‍ഷികോത്പന്ന, തേന്‍, കൈത്തറി വിപണന മേളയ്ക്കു തുടക്കമായി. മല്ലപ്പള്ളി – തിരുവല്ല റോഡില്‍ ജെ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനു എതിര്‍വശമുള്ള വലിയപ്ലാവുങ്കല്‍ ബില്‍ഡിംഗ്‌സില്‍ പ്രത്യേകം തയാറാക്കിയ പവലിയനില്‍ ആരംഭിച്ച മേള ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുരുവിള ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍ ആദ്യവില്പന നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇമ്മാനുവേല്‍ ജോസഫ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി. പ്രകാശ് കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ എബി ഫ്രാന്‍സിസ്, മലബാര്‍ മാവ് കര്‍ഷക സമിതി സെക്രട്ടറി ഷാജി കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
മൂവാണ്ടന്‍, കുറ്റിയാട്ടൂര്‍ (നമ്പ്യാര്‍), ബങ്കനപ്പള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത, ചക്കരക്കുട്ടി, മല്‍ഗോവ, നീലം, കാലാപാടി, മല്‍ഗോവ, പൈലി (നാട്ടിചേല), ഹുദാദത്ത്, മല്ലിക, കിളിച്ചുണ്ടന്‍ തുടങ്ങിയ പതിനഞ്ചിലേറെ നാടന്‍ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയും ലക്ഷ്യമിട്ടാണ് മേള ഒരുക്കിയിരിക്കുന്നത്. കാര്‍ബൈഡോ മറ്റ് രാസ കീടനാശിനികളൊന്നും ഇല്ലാതെ പരമ്പരാഗത രീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ച് പഴുപ്പിച്ചവയാണ് മേളയിലുള്ളത്.
മലബാര്‍ മാവ് കര്‍ഷക സമിതിയിലെ 150 കര്‍ഷകര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന മാങ്ങയാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ പതിനഞ്ചില്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളുടെ രുചി വൈവിധ്യവും അനുഭവിച്ചറിയാം.
ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ഥയിനം ഓര്‍ഗാനിക്ക് സോപ്പുകള്‍, 100 ശതമാനം പരിശുദ്ധമായ തേനിന്റെയും മൂല്യവര്‍ധിത ഉത്പന്നങ്ങളായ ജിഞ്ചര്‍, ഹണി, ഗാര്‍ലില്‍, ഹണി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മേളയിലുണ്ട്. മേളയോടനുബന്ധിച്ച് യുപി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബെഡ്ഷീറ്റുകള്‍, ലേഡീസ് ടോപ്പുകള്‍, ജെന്റ്‌സ്, ഖാദി, കുര്‍ത്തകള്‍, തിരിപ്പൂര്‍, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി കിഡ്‌സ് വെയറുകള്‍, ടീ ഷര്‍ട്ടുകള്‍, കൂടാതെ കിച്ചണ്‍ ടൂള്‍സ്, ഫാന്‍സി വസ്തുക്കള്‍ എന്നിവയും മേളയിലുണ്ട്.