മഴക്കാലം വന്നു; പറവൂരില്‍ മോഷ്ടക്കള്‍ വിലസുന്നു

tcr-thiefപറവൂര്‍: മഴക്കാലം തുടങ്ങിയതോടെ പറവൂരിലും പരിസരങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം വര്‍ധിച്ചു. അതിനാല്‍ പറവൂര്‍ നഗരത്തിലും മറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യമുയര്‍ന്നു. പറവൂരിലെ കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസമാണ് രണ്ടു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു മോഷണം നടത്തത്.  ജനവാസ കേന്ദ്രമായ ഈ മേഖലയില്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നാലു വൈദ്യുത വിളക്കുള്‍ അടിച്ചു തകര്‍ത്തതിനു ശേഷമാണ് ഭണ്ഡാരം ഇരുമ്പ് ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയിട്ടുള്ളത്.

ക്ഷേത്രം ഉള്‍പ്പെടുന്ന നഗരസഭ 16-ാം വാര്‍ഡില്‍ നേരത്തെ വിരുത്തിയില്‍ സുരേഷ് ബാബുവിന്റെ വീട്ടില്‍നിന്ന്  മൂന്നു പവന്റെസ്വര്‍ണാഭരണങ്ങളും മണിയനാട്ട് സരസ്വതിയമ്മയുടെ വീട്ടില്‍നിന്ന് അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. ഈ മേഖലയിലെ വീടുകളിലെ മുന്‍ വശത്തുള്ള വില കൂടിയ ചെടികള്‍ മോഷണം പോകുന്നതു പതിവാണ്.  അഞ്ചു വീടുകളിലെ പൂന്തോട്ടത്തില്‍നിന്നു വില കൂടിയ അലങ്കാര ചെടികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷ്ടിച്ചിരുന്നു.

രാത്രി പോലീസ് പട്രോളിംഗ്  ശക്തമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ സജി നമ്പ്യത്ത് പറവൂര്‍ പോലീസില്‍ പരാതി നല്കിയിരുന്നു. പറവൂരിലെ മറ്റിടങ്ങളിലും മഴക്കാലം തുടങ്ങിയതോടെ മോഷണശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  നഗരത്തിലെ വഴിവിളക്കുകള്‍ പൂര്‍ണമായും കത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടിയെടുക്കണമെന്നും പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related posts