കോഴിക്കോട്: തടമ്പാട്ടുതാഴത്തെ പറമ്പില്‍ ബസാര്‍ റോഡില്‍ രാമനാട്ടുകര-പൂളാടിക്കുന്ന് ബൈപാസിന്റെ അണ്ടര്‍പാസ് മഴ പെയ്താല്‍ സ്വിമ്മിംഗ് പൂളായി മാറും. താഴ്ന്ന പ്രദേശമായ ഇവിടെ ചെറിയ മഴ പെയ്താല്‍ തന്നെ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്. അണ്ടര്‍ പാസ് നിര്‍മിക്കുമ്പോള്‍ തന്നെ ഇവിടെ നാട്ടുകാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര്‍പ്പുമായി വന്നിരുന്നു. എന്നാല്‍ കൃത്യമായ ഡ്രെയ്‌നേജ് സംവിധാനത്തോടെയാണ് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നതെന്ന ഉറപ്പ് നല്‍കിയാണ് അന്ന് പണി പൂര്‍ത്തിയാക്കിയിരുന്നത്.
അണ്ടര്‍പാസിന്റെ ഇരു വശങ്ങളിലും ഡ്രെയ്‌നേജുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം പൂര്‍ണമായും ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. മാത്രവുമല്ല അണ്ടര്‍പാസിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ വെള്ളം മണ്ണില്‍ വലിഞ്ഞ് പോകാനും സാധ്യമല്ല. മഴക്കാലം ശക്തമാകുന്നതോടെ ഇവിടെ വെള്ളം കയറി യാത്ര ദുഷ്ക്കരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
രാത്രിയില്‍ ഇതുവഴി കടന്നു പോകുന്നവര്‍ക്കാണ് ഏറെ പ്രയാസം. രാത്രിയില്‍ ഇവിടെ വെളിച്ചത്തിനായി ഒരു വിളക്കുപോലും സ്ഥാപിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ ഇവിടെ രൂപപ്പെട്ട കുഴികളും രാത്രികാല യാത്രക്കാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.