പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രസ്ക്ലബില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥ പരിഹരിക്കണമെന്ന ആവശ്യം മാധ്യപ്രവര്‍ത്തകര്‍ കാലാകാലങ്ങളായി ഉന്നയിച്ചിരുന്നു. ഇതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുന്നതെന്നും കളക്ടര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യവും കുറ്റമറ്റരീതിയിലും നടത്താന്‍ മാധ്യമപ്രവര്‍ത്തകരുടെ സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രവചനമത്സര കൂപ്പണ്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പട്ടത്താനം ശ്രീകണ്ഠന് നല്‍കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. 12 നിയോജകമണ്ഡലങ്ങളിലെയും വിജയികളെക്കുറിച്ച് പ്രവചിക്കുന്നതാണ് മത്സരം. മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ അവസരം.
മാസ്റ്റര്‍ ട്രെയിനര്‍മാരായ ലളിത്ബാബു, പി.എന്‍. ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വി വി പാറ്റ് വോട്ടിംഗ് മെഷീന്‍ സദസിന് പരിചയപ്പെടുത്തി. പ്രസ്ക്ലബ് പ്രസിഡണ്ട് ജയകൃഷ്ണന്‍ നരിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആര്‍. ദിനേശ് തെരഞ്ഞെടുപ്പ് പ്രവചനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. കെ. നിസാറുദ്ദീന്‍ നന്ദിയും പറഞ്ഞു.