കോട്ടയം: മാരകായുധങ്ങളുമായി കറങ്ങി നടന്ന നാലംഗ കവര്‍ച്ചാ സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ ചെറുവത്തൂര്‍ കൊപ്രാപറമ്പില്‍ ശിഹാബുദീന്‍ (28), ചെറുവത്തൂര്‍ കണ്ടത്തില്‍ സുള്‍ഫിക്കര്‍ (19), കുന്നുമ്മല്‍ മുഹമ്മദ് നിയാസ് (24), കേളയത്ത് റംഷാദ് (27) എന്നിവരെയാണ് ഏറ്റുമാനൂര്‍ സിഐ സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരുടെ പക്കല്‍നിന്നു 20 ഗ്രാം കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു.
പ്രതികള്‍ക്കെതിരേ കാഞ്ഞങ്ങാട്, വളപട്ടണം, സുല്‍ത്താന്‍ ബത്തേരി, ബേക്കല്‍, അഴിക്കോട്, നീലേശ്വരം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണം, വധശ്രമം, ബാറ്ററി മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കേസുകളുണ്ട്. മോഷണ വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനും ലഹരി വസ്തുക്കള്‍ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്. പ്രതികളില്‍ സുള്‍ഫിക്കര്‍ കാസര്‍കോട് ഒരു കട കുത്തിത്തുറന്ന് 35000 രൂപ കവര്‍ച്ച ചെയ്യുന്ന വീഡിയ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ അന്വേഷിച്ചു വരുമ്പോഴാണ് കോട്ടയത്ത് പിടിയിലായത്.
ജില്ലാ പോലീസ് ചീഫ് എസ്.സതീഷ് ബിനോ, ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ എന്നിവര്‍ക്കു് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഏറ്റുമാനൂര്‍ എസ്‌ഐ സുരേഷ്കുമാര്‍, എഎസ്‌ഐമാരായ ശ്രീകുമാര്‍, പ്രകാശന്‍, ഷാഡോ പോലീസുകാരായ എഎസ്‌ഐ ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഐ. സജികുമാര്‍, ബിജുമോന്‍ നായര്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രീതിജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.