പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് വന്നേരിയില്‍ വച്ച് ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ മാര്‍ബിളിന്റെ അട്ടി തെന്നിമറിഞ്ഞ് ഇടയില്‍ പെട്ട് ടെമ്പോ ഡ്രൈവര്‍ മരിച്ചു. മരത്തംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുള്‍സലാം(45) ആണ് മരിച്ചത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനടുത്ത് സ്വകാര്യ വ്യക്തിക്കായി വന്നിരുന്ന മാര്‍ബിള്‍ ലോറിയില്‍ നിന്ന് തൊഴിലാളികള്‍ ഇറക്കുന്നതിനിടയില്‍ സഹായിക്കാന്‍ ചെന്നതായിരുന്നു അബ്ദുള്‍ സലാം. ലോറിയില്‍ രണ്ട് അട്ടികളായി വച്ചിരുന്ന മാര്‍ബിള്‍ ഇറക്കികൊണ്ടിരിക്കെ പെട്ടെന്ന് തെന്നി ഒരട്ടി മുഴുവനും അബ്ദുള്‍ സലാമിന്റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു.
തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് അബ്ദുള്‍ സലാമിനെ സാന്‍ജോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരുമ്പടപ്പ് പാറ സെന്ററിലുള്ള ഹോള്‍സെയില്‍ പച്ചക്കറി കടയുടെ ടെമ്പോ ഡ്രൈവറായിരുന്നു അബ്ദുള്‍ സലാം. പെരുമ്പടപ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അയിരൂര്‍ ജുമാ മസ്ജിദില്‍ കബറടക്കി. കഴിഞ്ഞ 15 വര്‍ഷമായി അബ്ദുള്‍ സലാമും കുടുംബവും അയിരൂരുള്ള വാടക വീട്ടിലാണ് താമസം. ഭാര്യ: സൈനബ. മക്കള്‍: കബീര്‍, അജ്മല്‍, നിഷ്മ.