മാലമോഷണത്തിന് പുതിയ തന്ത്രം! വഴി ചോദിച്ചെത്തിയ യുവാവ് വീട്ടുമുറ്റത്തുനിന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു; മുഖത്ത് മുളക്‌പൊടി വിതറിയായിരുന്നു കവര്‍ച്ച

Malaമൂവാറ്റുപുഴ: മുളകുപൊടി മുഖത്ത് വിതറി വീട്ടമ്മയുടെ കഴുത്തില്‍നിന്നും നാലുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്നു. കിഴക്കേക്കര നെല്ലിപ്പിള്ളികവല പണ്ടിരിമറ്റം (പോക്കാട്ട്) ഷെരീഫിന്റെ ഭാര്യ റൈഹാനത്തിന്റെ (35) കഴുത്തില്‍കിടന്ന മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന റൈഹാനത്തിനോട് യുവാവ് വഴി ചോദിച്ച് എത്തുകയായിരുന്നു. സംസാരത്തിനിടെ പൊടുന്നനെ കൈയില്‍ കരുതിയിരുന്ന മുളകുപൊടി റൈഹാനത്തിന്റെ മുഖത്തേക്ക് വിതറുകയും മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായ ഷെരീഫ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. വൃദ്ധരായ മാതാപിതാക്കളും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റൈഹാനത്തിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരും പോലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

മുറ്റത്ത് വിരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് യുവാവ് വഴിചോദിച്ചെത്തിയത്. യാതൊരു സംശയവും തോന്നിക്കാത്തവിധം ഹിന്ദിയിലായിരുന്നു ഇയാളുടെ സംസാരമെന്ന് റൈഹാനത്ത് പറഞ്ഞു. പരിസരത്ത് വഴിവിളക്കില്ലാത്തതിനാല്‍ മോഷ്ടാവ് ഏതുഭാഗത്തേക്കാണ് ഓടിയതെന്നുപോലും കാണാനായില്ല. സംസാരത്തില്‍നിന്നും അന്യസംസ്ഥാനക്കാരനായ യുവാവാണ് മോഷ്ടാവെന്ന് കരുതാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. ഭാഷ മാറ്റിപ്പറഞ്ഞത് ശ്രദ്ധ തിരിക്കാന്‍വേണ്ടിയാവാമെന്നും പോലീസ് സംശയിക്കുന്നു. അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related posts